death-santhosh

കട്ടപ്പന: കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്വരാജ് പെരിയോൻ കവല കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷാണ് (50) മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. കൽത്തൊട്ടി സ്വദേശി സുധീഷ് (36), കോടാലിപ്പാറ സ്വദേശികളായ സോമൻ (45), രതീഷ് (40), അനീഷ് ( 36) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇതിൽ രതീഷിന്റെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 4.45ന് കട്ടപ്പന- കുട്ടിക്കാനം റൂട്ടിൽ ചപ്പാത്ത് ആറാം മൈലിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരത്തേയ്ക്ക് പോയ കെ.എസ് ആർ.ടിസി ബസിന്റെ പിന്നിലിടിച്ച് റോഡരികിലെ കൽക്കെട്ടിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന സന്തോഷിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റൊരാളുടെ പരിക്ക് ഗുരുതരമാണ്. സന്തോഷിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇതുവഴിയെത്തിയ യാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പരിക്കേറ്റവരുടെ നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ബിന്ദു വിദേശത്ത് ജോലി ചെയ്യുകയാണ്. അടുത്തിടെ നാട്ടിലേയ്ക്ക് വരാനിരിക്കെയാണ് സന്തോഷിന്റെ മരണം. സംസ്‌കാരം പിന്നീട്.