അടിമാലി: അടിമാലിയിൽ പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സിവിൽ സ്റ്റേഷന്റെ നിർമ്മാണം ഇനിയുമായില്ല. അടിമാലി ടൗൺ കേന്ദ്രീകരിച്ച് സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വർഷങ്ങളായി വാടകക്കെട്ടിടങ്ങളിലാണ്. എക്‌സൈസ് റേഞ്ച് ഓഫീസ്, നാർക്കോട്ടിക് ഓഫീസ്,ഇ എസ് ഐ ഡിസ്‌പെൻസറി,മേട്ടോർ വാഹന വകുപ്പോഫീസ് തുടങ്ങിയവയൊക്കെ വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അടിമാലിയിലെ ചില സ്ഥാപനങ്ങൾ മാത്രമാണ്.ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളെ സിവിൽ സ്റ്റേഷൻ നിർമ്മിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ ആളുകൾക്കത് കൂടുതൽ സൗകര്യപ്രദമാകും.ഇത്ഈ സർക്കാർ നയവുമാണ്. അതിനായി തുടരെത്തുടരെ പ്രഖ്യാപനങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ ഒന്നും പ്രാവർത്തികമാകുന്നില്ലെന്ന് മാത്രം. ഈസാഹചര്യത്തിലാണ് പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സിവിൽ സ്റ്റേഷന്റെ നിർമ്മാണ ജോലികൾക്ക് വേണ്ടുന്ന നടപടികളുടെ കാര്യത്തിൽ വേഗത കൈവരിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.

=സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടുന്ന ഭൂമി കണ്ടെത്തുന്ന കാര്യങ്ങളിലടക്കം മുമ്പ് കൂടിയലോചനകൾ നടന്നിരുന്നു.

=അരഡസനിലധികം പഞ്ചായത്തുകളിൽ നിന്നും ആളുകൾ വിവിധ സർക്കാർ സേവനങ്ങൾക്കായി അടിമാലി ടൗണിനെയാണ് ആശ്രയിക്കുന്നത്.

അടിമാലി ടൗണിലെത്തിയ ശേഷം ടൗണിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ എത്താൻ ആളുകൾ പിന്നെയും പണം മുടക്കണം.സിവിൽ സ്റ്റേഷൻ നിർമ്മിച്ചാൽ വാടകയിനത്തിൽ നഷ്ടമാകുന്ന ഭീമൻ തുകയും സർക്കാരിന് ഒഴിവാക്കാം.