24വരെ 'ഹാപ്പി അവേഴ്സ്'
ഓണച്ചന്തകളും ജില്ലാ ഫെയറും നടത്തും
തൊടുപുഴ: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോയിൽ ഉപഭോക്താക്കൾക്കായി പ്രത്യേക വിൽപ്പന ആരംഭിച്ചു. 24വരെ ഉച്ചയ്ക്ക് 2 മുതൽ 4വരെയാണ് ഹാപ്പി അവേഴ്സ് എന്ന പേരിലുള്ള ഈ പ്രത്യേക ഇളവ്. തിരഞ്ഞെടുക്കപ്പെട്ട സബ്സിഡി ഇതര ഭക്ഷ്യ വസ്തുക്കളാണ് വില കുറച്ച് നൽകുന്നത്. സപ്ലൈകോയിൽ സാധാരണ നൽകുന്നതിനേക്കാൾ 13 ശതമാനംവരെ വിലക്കുറവാണ് ഈ സാധനങ്ങൾക്ക് . വെളിച്ചെണ്ണ അടക്കമുള്ള ശബരീ ഉത്പന്നങ്ങൾ, സോപ്പ്, ശർക്കര,ആട്ട, റവ, മൈദ, ഡിറ്റർജന്റ്, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്‌ക്കെല്ലാം വിലക്കുറവുണ്ട്. ജില്ലയിലെ മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഈ ആനുകൂല്യമുണ്ട്. ഇതിനൊപ്പം 500, 1000 രൂപ വിലയുള്ള ഓണം ഗിഫ്റ്റ് കാർഡ് വിതരണവും പുരോഗമിക്കുകയാണ്. മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പ്രത്യേക ആനുകൂല്യം ലഭ്യമാണ്. ഗിഫ്റ്റ് കാർഡുകൾക്ക് പുറമേ ആകർഷകമായ വിലക്കുറവിൽ കിറ്റുകളുടെ വിൽപ്പനയും ജില്ലയിൽ പുരോഗമിക്കുകയാണ്. മൂന്ന് തരം കിറ്റുകളാണ് വിപണിയിലുള്ളത്. 18 ഇനങ്ങൾ അടങ്ങിയ 1000 രൂപയുടെ സമൃദ്ധി ഓണക്കിറ്റ്, 9 ഇനങ്ങൾ അടങ്ങിയ 229 രൂപയുടെ ശബരി സിഗ്‌നേച്ചർ കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ 500 രൂപയുടെ മിനി സമൃദ്ധികിറ്റ് എന്നിവയാണ്. ആവശ്യമുള്ളവർക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി പണമടച്ച് കൂപ്പൺ വാങ്ങാവുന്നതാണ്. ഇതുവരെ 15 ലക്ഷം രൂപയുടെ കാർഡുകളും കിറ്റുകളുമാണ് മുൻകൂർ ബുക്കിംഗായി ലഭിച്ചിരിക്കുന്നത്. ഇതിൽ 1650ൽ അധികം കിറ്റുകളും 460ൽ അധികം ഗിഫ്റ്റ് കാർഡുകളുമുണ്ട്. 31 ആം തീയതിവരെ ബുക്കിംഗ് നടത്താവുന്നതാണ്. ഇതിന് ശേഷമായിരിക്കും വിതരണം. നിലവിൽ സബ്സിഡി - സബ് സിഡി ഇതര വെളിച്ചെണ്ണയടക്കമുള്ള മുഴുവൻ സാധനങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്.
ജില്ലാ ഓണം ഫെയർ
തൊടുപുഴയിൽ
ജില്ലയിൽ നിയോജകമണ്ഡലംതല സപ്ലൈകോ ഓണച്ചന്തകളും ജില്ലാ ഫെയറും ഉടൻ ആരംഭിക്കും. തൊടുപുഴ ഒഴികെയുള്ള നാല് താലൂക്കുകളിലും ഏതെങ്കിലും പ്രധാന ഔട്ട്‌ലെറ്റിനോട് ചേർന്നായിരിക്കും 31 മുതൽ 4വരെയുള്ള ഓണച്ചന്തകൾ. ജില്ലാ ഓണം ഫെയർ തൊടുപുഴയിൽ നടത്തുന്നതിനാലാണ് നിയോജകമണ്ഡലംതല ഓണച്ചന്ത ഇല്ലാത്തത്. 26 മുതൽ സെപ്തംബർ 4വരെ പീപ്പിൾസ് ബസാറിലാണ് ജില്ലാ ഫെയറിന്റെ പ്രവർത്തനം.