തൊടുപുഴ: തൊടുപുഴ നഗരത്തിൽ 1.3 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. തൊടുപുഴ പട്ടാണിക്കുന്ന് സ്വദേശി ഓണാട്ടുപുത്തൻപുര ഷിയാസ് ( 41) പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി മഹത്താബ് അലി മുണ്ടൽ (50) എന്നിവരെയാണ് തൊടുപുഴ എക്‌സൈസ് ചൊവ്വാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്തത്. വെങ്ങല്ലൂരിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി എത്തിയ പ്രതികൾ പിടിയിലായത്. കൽക്കട്ടയിൽ നിന്നും മുർഷിദാബാദിൽ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ ഉയർന്ന തുകയ്ക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും. ഷിയാസിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ള പ്രതികളെ ഉടനടി പിടികൂടുമെന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.കെ രാജേഷ് പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ലീജോ ഉമ്മൻ, അസി എക്‌സൈസ് ഇൻസ്‌പെക്ടർമാരായാ (ഗ്രേഡ്) ഒ.എച്ച് മൺസൂർ, കെ.കെ മജീദ്, പ്രിവന്റീവ് ഓഫീസർമാരായ വി.എസ് അനീഷ്‌കുമാർ, ജോജു ടി പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.