sndp

കട്ടപ്പന: ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. യൂണിയനിലുള്ള 38 ശാഖാ കേന്ദ്രങ്ങളും പ്രധാന വീഥികളും കൊടിതോരണങ്ങളാലും മറ്റ് അലങ്കാരങ്ങളാലും മഞ്ഞപുതച്ചുനിൽക്കുന്ന കാഴ്ച മലനാടിനെ കൂടുതൽ മനോഹരമാക്കുകയാണ്. ചിങ്ങം ഒന്നിന് മുഴുവൻ ശാഖായോഗങ്ങളിലും പതാകദിനം ആചരിച്ച് എല്ലാ ഭവനങ്ങളിലും പതാക ഉയർത്തി മഹാസമാധിദിനം വരെ പരിപാലിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ശാഖായോഗങ്ങൾ, പോഷകസംഘടനകൾ, കുടുംബയോഗങ്ങൾ എന്നിവ ചതയാഘോഷപരിപാടികൾക്ക് നേതൃത്വം നൽകും. ബാലജനയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കലാകായികമത്സരങ്ങൾ, കലാപരിപാടികൾ എന്നിവ അത്തം മുതൽ ശാഖായോഗങ്ങളിൽ നടക്കും.ഗുരുദേവക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, വർണ്ണപ്പകിട്ടാർ സാംസ്‌ക്കാരിക ഘോഷയാത്രകൾ, കലാപരിപാടികൾ, ജയന്തിദിനസമ്മേളനങ്ങൾ, പഠനക്ലാസ്സുകൾ, ചതയസദ്യ, 'വിദ്യകൊണ്ട് സ്വതന്ത്രരാകുവാൻ' ഉപദേശിച്ച ഗുരുദേവന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസ സ്‌ക്കോളർഷിപ്പ് വിതരണം എന്നിവ ജയന്തിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. മലനാട് യൂണിയനിൽ സെപ്തംബർ 7ന് നടക്കുന്ന ജയന്തി ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു. യൂണിയൻ ആസ്ഥാനമായ കട്ടപ്പനയിൽ 5 ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത ആഘോഷപരിപാടികൾ നടത്തും. കട്ടപ്പന നോർത്ത്, വെള്ളയാംകുടി, പുളിയന്മല, കൊച്ചുതോവാള, കട്ടപ്പന പ്രദേശങ്ങളിൽ നിന്നും എത്തുന്ന ഘോഷയാത്ര രാവിലെ 11ന് ഇടുക്കികവലയിൽ സംഗമിച്ച് സംയുക്ത ഘോഷ യാത്രയായി ഗുരുദേവകീർത്തിസ്തംഭത്തിൽ സമാപിക്കും. തുടർന്ന് ജയന്തിസമ്മേളനം നടക്കും. മലനാട്ടിലെ 38 ശാഖായോഗങ്ങളിലെയും ഗുരുദേവക്ഷേത്രങ്ങളിൽ രാവിലെ 6 മുതൽ മഹാഗുരുപൂജ നടക്കും. കട്ടപ്പന ഗുരുദേവകീർത്തിസ്തംഭത്തിലും ഗുരുജയന്തി പൂജകളും കൃതികളുടെ പാരായണവും നടക്കും,