ഇടുക്കി: ഓണക്കാലത്ത് ഗ്യാസ് സിലിണ്ടറുകളുടെ കാലതാമസം കൂടാതെയുള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഗ്യാസ് എജൻസികൾക്കും ഓയിൽ കമ്പനി പ്രതിനിധികൾക്കും നിർദേശം നൽകി. ജില്ലാ ഇൻഫർമേഷൻ മീഡിയ ഹാളിൽ സംഘടിപ്പിച്ച എൽ.പി.ജി ഓപ്പൺ ഫോറത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. ഗ്യാസ് ഗോഡൗണിൽ ഉപഭോക്താക്കൾ നേരിട്ടെത്തി സിലണ്ടറുകൾ വാങ്ങുമ്പോൾ 29.50 രൂപയുടെ കുറവ് ഉള്ളതായി ഓയിൽ കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. എൽ.പി.ജി ഗുണ ഭോക്താക്കളുടെ ഇ.കെ.വൈ.സി എത്രയും വേഗം പൂർത്തികരിക്കുന്നതിനായി വിപുലമായ പരസ്യപ്രചാരണം നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, ഓയിൽ കമ്പനി പ്രതിനിധികൾ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, ജില്ലാ കൺസ്യൂമർ വിജിലൻസ് ഫോറം പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.