ഇടുക്കി: ഹരിതകേരളം മിഷന്റെ ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജിൽ വൃക്ഷ തൈകളുടെ ജിയോടാഗിങ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശീന്ദ്രൻ നിർവഹിച്ചു. ഹരിതകേരളം മിഷനും എ.പി.ജെ അബ്ദുൾ കാലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി എൻ.എസ്.എസ്. സെല്ലുമായി ചേർന്നാണ് പരിപാടി നടത്തിയത്. ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകളാണ് നട്ടത്. ഈ വൃക്ഷത്തൈകളെ സാങ്കേതികവിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്ന ജിയോടാഗിങ് പ്രവർത്തനത്തെ എഞ്ചിനീയറിങ് കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം. ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.അജയ് പി കൃഷ്ണ വിഷയാവതരണവും നവകേരളം കർമ്മപദ്ധതിയിലെ വിവിധ മിഷനുകളെ പറ്റിയും ഒരു തൈ നടാം വൃക്ഷവൽക്കരണ ക്യാമ്പയിനിനെ കുറിച്ചും വിദ്യാർഥികൾക്ക് ക്ലാസെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ ഓപ്പറേഷൻ കോഓർഡിനേറ്റർ അൽത്താഫ് എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങളായ 50 വിദ്യാർഥികൾക്ക് വൃക്ഷത്തൈകളുടെ ജിയോ ടാഗിങുമായി ബന്ധപ്പെട്ട പരിശീലനം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ഫിലുമോൻ ജോസഫ് സംസാരിച്ചു.