കട്ടപ്പന: അനധികൃതമായി മുറിച്ചു മാറ്റിയ മരങ്ങളും വണ്ടിയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതോടെ ഇവ തിരികെ ലഭിക്കാൻ റേഞ്ച് ഓഫീസിന് മുമ്പിൽ ആത്മഹത്യാ ശ്രമം നടത്തി വാഹന ഉടമ. വനഭൂമി പതിച്ചു നൽകിയിട്ടുള്ള ഭൂമിയിൽ നിന്നും വെട്ടിക്കടത്താൻ ശ്രമിച്ച തേക്കും ഈട്ടിയും അടക്കമുള്ള മരങ്ങളാണ് കാഞ്ചിയാർ റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 40 ഇഞ്ചോളം വലിപ്പമുള്ള തേക്കും ഈട്ടിയും സമാനവലിപ്പമുള്ള ഈയൽവാകയും പിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കട്ടപ്പന പേഴുംകവലയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്നതാണ് ഇവയെന്നാണ് വിവരം. തടി കടത്തിയ പിക്അപ് വാനും ഓട്ടോറിക്ഷയുമാണ് പിടിച്ചെടുത്തത്. അതേസമയം ഓട്ടോയിൽ ഉടമ അറിയാതെയാണ് ഡ്രൈവർ തടി കടത്തിയത്. വാഹനം വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തത് അറിഞ്ഞ ഓട്ടോറിക്ഷ ഉടമ കട്ടപ്പന സ്വദേശി പ്രശാന്ത് മോഹൻ (45) ആണ് വനംവകുപ്പ് ഓഫീസിന് മുമ്പിൽവെച്ച് വിഷം കഴിച്ചത്. തുടർന്ന് വനപാലകർ ഇടപെട്ട് ഇയാളെക്കൊണ്ട് വിഷം തുപ്പിക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രഥമിക ശുശ്രൂഷയ്ക്ക് ശേഷം പ്രശാന്തിനെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.