road

കട്ടപ്പന: മലയോരഹൈവേ നിർമ്മാണം ചപ്പാത്തിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. ചപ്പാത്ത് പെട്രോൾ പമ്പിന് മുൻവശത്ത് ആവശ്യത്തിന് വീതി കൂട്ടാതെ ടാറിംഗ് നടത്തിയതാണ് തടയാൻ ഇടയായത്. പമ്പിന്റെ 2 സെന്റ് ഭൂമി റോഡ് പുറംപോക്കാണന്നും അത് ഒഴിപ്പിക്കണമെന്നുമുള്ള ഉത്തരവിനെതിരെ ആർ.ഡി.ഒക്ക് ഭൂസംരക്ഷണ നിയപ്രകാരം ഭൂമി സംരക്ഷിക്കണമെന്ന പമ്പുടമയുടെ അപേക്ഷയിൽ നടപടി നിർത്തിവെപ്പിച്ചിരുന്നു. ഇതിനിടയിൽ മലയോര ഹൈവെ നിർമ്മാണം അവസാന ഘട്ടത്തിലുമാണ്. കരാറുകാരൻ നിർമ്മാണംതീർത്ത് പോയാൽ പിന്നെ ഇവിടെ എന്നും റോഡ് വീതി കുറഞ്ഞ് ദുർഘടമായി മാറും. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയാണ് ഒന്നാം റീച്ച് മലയോര ഹൈവെ നിർമ്മാണം നടന്നത്. നരിയൻപാറ മുതൽ കട്ടപ്പന വരെ രണ്ടാം റീച്ചും നരിയംപാറ മുതൽ ചപ്പാത്ത് വരെ മൂന്നാം റീച്ചുമാണ്. ഒന്നും രണ്ടും റീച്ച് ഒരു തടസവുമില്ലാതെ പൂർത്തിയാക്കി. എന്നാൽ മൂന്നാം റീച്ചിൽ ചപ്പാത്തിലെ പമ്പുടമ മാത്രമാണ് റോഡിന് തടസം സൃഷ്ടിക്കുന്നത്. ഇതിന്റെ ഇടയിൽ പമ്പുടമ കോടതിയെ സമീപിച്ചു. സർവ്വെ ജീവനക്കാരും കോടതി നിയോഗിച്ചവരും അളന്ന് തിട്ടപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് പ്രകാരം 2 സെന്റ് ഭൂമി പമ്പുടമയുടെ കൈവശം ഉണ്ടെന്നും ഇത് തിരികെ പിടിക്കാനും കോടതി ജൂൺ 25ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധിക്കെതിരെ 28ന് ഭൂസംരക്ഷ നിയപ്രകാര ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആർ.ഡി.ഒക്ക് അപേക്ഷ നൽകി. കോടതിയുടെഅന്തിമ ഉത്തരവ് മറച്ച് വെച്ചാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൻമ്മേൽ ആർ.ഡി.ഒ അന്തിമ ഉത്തരവ് വരും വരെ നടപടി നിർത്തിവെക്കാൽ ഉത്തരവും നൽകി. ഇതോടെ ഈ ഭാഗത്തെ വീതികൂട്ടൽ നടന്നില്ല. വീതി കൂട്ടാതെ റോഡ് ടാർ ചെയ്യാൻ എത്തിയ കരാറുകാരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് തടഞ്ഞു.
നിർമ്മാണം തടഞ്ഞതോടെ ഈ ഭാഗം ഒഴിവാക്കി കരാറുകാരൻ പണി തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ കരാറുകാരുടെ നിർമ്മാണം പൂർത്തിയാകും.ഇതോടെ കരാറുകാർ നിർമ്മാണ പ്രവർത്തനം അവസാനിപ്പിക്കും. ഇതിനുള്ളിൽ പമ്പുടമ അനുകൂല നടപടി സ്വീകരിച്ചില്ലങ്കിൽ ഈ ഭാഗത്തെ റോഡ് എന്നന്നേക്കുമായി ദുർഘടമായി മാറും.