തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹാനിവേദ്യസമർപ്പണത്തിന്റെ ഉദ്ഘാടനം നടത്തി. മഹാനിവേദ്യ ദ്രവ്യ സമർപ്പണത്തിന്റെ ഉദ്ഘാടനം ക്ഷേത്രം ചെയർമാൻ കെ.കെ. പുഷ്പാംഗദൻ നിർവഹിച്ചു. മാനേജർ ബി. ഇന്ദിര, ഉപദേശകസമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, അഡ്വ. ശ്രീവിദ്യാ രാജേഷ്, ബി. വിജയകുമാർ, കെ.ആർ മോഹൻദാസ്, അക്ഷയ രാജൻ, വിവിധ ഭക്തജനസമിതി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഭഗവാന്റെ ജന്മദിനമായ അഷ്ടമിരോഹിണി മഹോത്സവം സെപ്തംബബർ 14ന് മഹാനിവേദ്യ സമർപ്പണത്തോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിക്കും. ഭക്തജനങ്ങളുടെ ഏകാഗ്രമായ പ്രാർത്ഥനകളും സമർപ്പണങ്ങളും ചേർത്ത് കണ്ണന് മഹാനിവേദ്യം നടത്തും. മഹാനിവേദ്യത്തിന്റെ മുഖ്യ സമർപ്പണങ്ങൾ 1111 ലിറ്റർ പാൽ പായസവും 11111 ഉണ്ണിയപ്പവുമാണ്. ഭക്തരുടെ സമർപ്പണത്തിലൂടെ ഒരുക്കപ്പെടുന്ന ഈ മഹാനിവേദ്യം, കണ്ണന്റെ അനുഗ്രഹം നേടുവാനുള്ള അവസരമാണ്. പാൽ, പഞ്ചസാര, അരി, ശർക്കര, ഉണക്കലരി, നെയ് മുതലായ വസ്തുക്കൾ സമർപ്പിച്ച് എല്ലാ ഭക്തർക്കും ഈ മഹാനിവേദ്യ സമർപ്പണത്തിൽ പങ്കാളികളാകാം. ഭഗവാൻ ശ്രീകൃഷ്ണന്റെ തൃപ്പാദങ്ങളിൽ സമർപ്പണമായി കണ്ട് ഭക്തജനങ്ങൾ മഹാനിവേദ്യത്തിന്റെ ഭാഗമാകണമെന്ന് ക്ഷേത്രകമ്മിറ്റിയും സംഘാടകരും അറിയിച്ചു.