തൊടുപുഴ: സ്‌നേഹസമ്പന്നനായ ജനപ്രതിനിധിയായിരുന്നു വാഴൂർ സോമനെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ . ജനങ്ങളോടുള്ള പ്രതിബദ്ധത വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ഉന്നമനത്തിനായും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുന്നു.

ഡീൻ കുര്യാക്കോസ് എം. പി

തൊടുപുഴ: വാഴൂർ സോമൻ എം.എൽ.എയുടെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. തന്റെ ജീവിതം സംഘടനയ്ക്കും നാടിനുമായി സമർപ്പിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി അദ്ദേഹം അടിയുറച്ചു നിന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ നാൾവഴിയിൽ അതിക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിയതിന്റെ അനുഭവം വ്യക്തിപരമായി പങ്കുവെച്ചിട്ടുണ്ട്. തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ശക്തമായ ഇടപെടൽ നടത്തി. വേർപാട് ഏറെ വേദനിപ്പിക്കുന്നു.

ജോസ് പാലത്തിനാൽ

ചെറുതോണി : തോട്ടം മേഖലയിലെ പ്രശ്ങ്ങൾ പരിഹരിക്കുന്നത്തിനായി കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ട്രേഡ് യൂണിയൻ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു വാഴൂർ സോമൻ എം.എൽ.എ.ലയങ്ങളുടെ പുനരുദ്ധാരണത്തിനും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിരന്തരം ശബ്ദമുയർത്തിരുന്ന അദ്ദേഹം രാഷ്ട്രീയയതിനു അതീതമായി വ്യക്തി ബന്ധം എന്നും കാത്തുസൂക്ഷിച്ചിരുന്നുവെന്ന് കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം സാധാരണക്കാരോടൊപ്പം എന്നും നിലനിന്നിരുന്നു.


പ്രൊഫ. എംജെ ജേക്കബ്

തൊടുപുഴ: ജില്ലയിലെയും സംസ്ഥാനത്തെയും തൊഴിലാളികൾക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച മുതിർന്ന തൊഴിലാളി നേതാവായിരുന്നു വാഴൂർ സോമൻ. തൊഴിലാളി വർഗ്ഗത്തിന് നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിന്റെ നിര്യാണം. ആകസ്മിക വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി യുഡിഎഫ് ജില്ലാകൺവീനർപ്രൊഫ. എംജെ ജേക്കബ് പറഞ്ഞു.

എ.ഐ.ടി.യു.സി

ഇടുക്കി: എ.ഐ.ടി.യു.സി സംസ്ഥാന വൈ. പ്രസിഡന്റുംപീരുമേട് എം.എ.എയുമായ വാഴൂർ സോമന്റെ അകാല വേർപാട് തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാ നഷ്ടമാണെന്ന് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി. പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ ശക്തനായ നേതാവായിരുന്നു വാഴൂർ സോമൻ. എം.എൽ.എ എന്ന നിലയിലും മികച്ച പ്രവർത്തനമായിരുന്നെന്നും ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ് ,​സെക്രട്ടറി ജി.എൻ ഗുരുനാഥൻ,​ ട്രഷറർ പി.പി ജോയി എന്നിവർ പറഞ്ഞു.