പീരുമേട്: വാഴൂർ സോമന്റെ അവസാന ശബ്ദവും തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു. റവന്യൂ മന്ത്രി . കെ. രാജൻ ഇന്നലെ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗത്തിൽ പീരുമേട് മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി അദ്ദേഹം നിരവധി നിർദേശങ്ങൾ മുന്നോട്ടു വച്ചു. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി രാജമാണിക്യം ഐ.എ.എസ് ചെയർമാനായി കമ്മീഷനെ നിയമിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അതിൽ പരാമർശിച്ചിരുന്ന ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഇന്നും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. പകൽ മുഴുവൻ മഴ നനഞ്ഞു ജോലി ചെയ്യുന്ന തൊഴിലാളികൾ രാത്രിയിലും ചോർന്നൊലിക്കുന്ന ലയങ്ങളിൽ താമസിക്കേണ്ട സാഹചര്യമാണുള്ളത്. തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾ പരിഹരിക്കണം. തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിൽ എതിർപ്പ് ഇല്ലെന്നും തൊഴിലാളികൾക്ക് മതിയായ സൗകര്യം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും യോഗത്തിൽ വാദിച്ചു. സത്രം എയർ സ്ട്രിപ്പ് സംബന്ധിച്ച വനംവകുപ്പുമായുള്ള തർക്കങ്ങൾ പരിഹരിക്കണമെന്നും എയർ സ്ട്രിപ്പ് പ്രവർത്തന സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ യോഗത്തിനു ശേഷം പുറത്തിറങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.