വാഴൂർ സോമന് കണ്ണീർ പ്രണാമം
പീരുമേട്: അടിമകളെപ്പോലെ തൊഴിലാളികളെ പിടിച്ചുകൊണ്ടു വന്ന് പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിൽ പീഡിപ്പിച്ച് പണിയെടുപ്പിച്ചിരുന്ന കാലത്താണ് കോട്ടയം വാഴൂരിൽ നിന്ന് പൊക്കംകുറഞ്ഞ സുമുഖനായ ആ ചെറുപ്പക്കാരൻ മലകയറിയെത്തുന്നത്.
എ.ഐ.ടി.യു.സി യൂണിയൻ അന്നുണ്ടായിരുന്നെങ്കിലും എസ്റ്റേറ്റ് ഉടമകളെ ഭയന്ന് പല തൊഴിലാളികൾക്കും സംഘടനയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മടിയായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളെ നേരിട്ടു കാണാൻ പോലും വിമുഖത കാണിച്ചിരുന്നവരായിരുന്നു അന്നത്തെ മാനേജ്‌മെന്റ്. ഈ പ്രതികൂല സാഹചര്യത്തിലും സധൈര്യം മുന്നിൽ നിന്ന് നയിച്ച വാഴൂർ സോമൻ ധൈര്യം പകർന്നതോടെ നിരവധി
തൊഴിലാളികളാണ് യൂണിയനൊപ്പം ചേർന്ന് തോട്ടം ഉടമകളുടെ അനീതിക്കെതിരെ നിലകൊണ്ടത്. പിന്നീട് പീരുമേട്ടിലെ പ്രമുഖ യൂണിയനായി ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ (എച്ച്.ഇ.എൽ) മാറിയതും സോമൻ തോട്ടം തൊഴിലാളികളുടെ തലൈവരായതും ചരിത്രം. പ്ലേഗ് പോലുള്ള മഹാമാരിയോടും തോട്ടം ഉടമകളോടും പോരടിച്ച് ജീവൻ പണയം വച്ചായിരുന്നു സോമൻ തോട്ടം മേഖലയിൽ സംഘടനയെ പടുത്തുയർത്തിയത്. ട്രേഡ് യൂണിയൻ പ്രവർത്തനം ശക്തമാക്കുന്നതിനിടയിൽ തോട്ടം മാനേജ്‌മെന്റുകൾ യൂണിയൻ നേതാക്കൾക്ക് നേരെ നടത്തിയ ഒട്ടേറെ വധശ്രമങ്ങളും കടന്നാക്രമണങ്ങളും അതിജീവിച്ചായിരുന്നു പ്രവർത്തനം. ഇക്കാലത്തിനിടെ വിവിധ കേസുകളിൽപ്പെട്ട് നിരവധി തവണ ജയിൽവാസം അനുഭവിച്ചു. നേരത്തെ അർഹനായിരുന്നെങ്കിലും വളരെ വൈകി പീരുമേട്ടിൽ നിന്ന് എം.എൽ.എയായപ്പോഴും തോട്ടം തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു അവസാനം ശ്വാസം വരെയും പ്രവർത്തിച്ചത്. കോട്ടയം വാഴൂരാണ് നാടെങ്കിലും തന്റെ ജീവിതത്തിന്റെ ഭൂരിഭാഗംകാലം സോമൻ ചെലവഴിച്ചതും പീരുമേട്ടിലെ തൊഴിലാളികൾക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അന്ത്യവിശ്രമത്തിന് ഇടവും എ.ഐ.ടി.യു.സി നേതാവായിരുന്ന എസ്.കെ. ആനന്ദന്റെ പാമ്പനാറിലുള്ള സ്മൃതികുടീരത്തിന് സമീപമാണ് ഒരുക്കുന്നത്. തോട്ടം തൊഴിലാളികൾക്കിടയിൽ എന്നും കാരണവരുടെ സ്ഥാനമായിരുന്നു വാഴൂരിന്. കുടുംബപ്രശ്നമടക്കം എന്തിനും പരിഹാരം തേടി ഓടിയെത്തുന്നത് അവരുടെ പ്രിയ തലൈവരായി മുന്നിലായിരുന്നു. ഏത് പ്രശ്നവും നിമിഷനേരം കൊണ്ട് പരിഹരിക്കാനുള്ള നേതൃപാടവം അദ്ദേഹത്തിനുണ്ടായിരുന്നു. തോട്ടം തൊഴിലാളികൾക്കിടയിലെ അവസാന വാക്കായ സോമനെ പോലൊരു നേതാവ് ഇനി ഉണ്ടാകില്ലെന്നതാണ് യാഥാർത്ഥ്യം.
ആ ആഗ്രഹം പൂർത്തിയായില്ല
25 വർഷക്കാലമായി അടഞ്ഞ് കിടക്കുന്ന പീരുമേട് ടീ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന സ്വപ്നം സഫലമാക്കാതെയാണ് വാഴൂർ സോമൻ വിടവാങ്ങിയത്. അടഞ്ഞു കിടക്കുന്ന തോട്ടം തുറപ്പിക്കുന്നതിനായി നിരന്തരമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിരുന്നത്. ഇന്നലെ തിരുവനന്തപുരത്തെ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് പീരുമേട് താലൂക്ക് ഓഫീസിൽ എത്തി തഹസീൽദാർ, റവന്യു വകുപ്പ് ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ജില്ലയിൽ ജാതി സർട്ടിഫിക്കറ്റ് വിതരണത്തിനു വരുന്ന തടസങ്ങൾ മാറ്റണമെന്ന് മരണത്തിനു തൊട്ടു മുമ്പ് നടന്ന വാഴൂർ സോമൻ പങ്കെടുത്ത പൊതുപരിപാടിയായ റവന്യൂ വകുപ്പിന്റെ 'വിഷൻ ആന്റ് മിഷൻ 2021- 26 റവന്യൂ അസംബ്ലിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമത്തിൽ പറയുന്ന വിധത്തിൽ ജാതി തെളിയിക്കുന്ന രേഖകൾ രക്ഷാകർത്താക്കൾക്ക് ഇല്ലെന്നതാണ് പ്രശ്നം. ഇത് വിദ്യാഭ്യാസ ആവശ്യത്തിനും മറ്റും വിലങ്ങുതടിയാവുകയാണെന്ന് വാഴൂർ സോമൻ ചൂണ്ടിക്കാട്ടി. ജില്ലയിലെ ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ റവന്യൂ, പട്ടികജാതി പട്ടിക വർഗ, നിയമ വകുപ്പ് മന്ത്രിമാർ തമ്മിൽ യോഗം ചേരുകയും പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും വേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും റവന്യൂ മന്ത്രി കെ. രാജൻ സബ് മിഷന് മറുപടി നൽകുകയുംചെയ്തു.