തൊടുപുഴ: എം.ജി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അൽ അസ്ഹർ ലോ കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നീട്ടി വെച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ക്ലാസ് റെപ്രസന്റേറ്റീവ് തെരഞ്ഞെടുപ്പിന് ശേഷം യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള നാമനിർദ്ദേശപത്രിക കെ.എസ്.യു സമർപ്പിച്ചത് വൈകിയാണെന്ന ആരോപണവുമായി എസ്.എഫ്.ഐ രംഗത്തെത്തി. ഇതിന് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്നതായും എസ്.എഫ് ഐ ആരോപിച്ചു. ഇതേ തുടർന്ന് വിവിധ ഘട്ടങ്ങളായി സംഘർഷവുമുണ്ടായി. ഇരുവിഭാഗങ്ങളിലെയും മുതിർന്ന പാർട്ടി നേതാക്കളും സ്ഥലത്തെത്തി. ഇതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ പരാജയഭീതി മൂലമാണ് എസ്.എഫ്.ഐ സംഘർഷമുണ്ടാക്കിയതെന്നാണ് കെ.എസ്.യു ആരോപണം. തെരഞ്ഞെടുപ്പ് മാറ്റണമെന്ന് എസ്.എഫ്‌.ഐ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം അംഗീകരിച്ചില്ല.