തൊടുപുഴ: ഇടുക്കി ജില്ലയുടെയാകെ വികസനത്തിന് കുതിപ്പേകുമായിരുന്ന വണ്ടിപ്പെരിയാറിലെ സത്രം എയർസ്ട്രിപ്പ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി അവസാന നിമിഷം വരെയും ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവായിരുന്നു വാഴൂർ സോമൻ. വനംവകുപ്പിന്റെ എതിർപ്പ് കാരണമാണ് രാജ്യത്തിന് തന്നെ അഭിമാനമായ പദ്ധതി പാതി വഴിയിൽ നിലച്ചത്. പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് 90 ശതമാനം നിർമ്മാണം പൂർത്തിയാക്കിയിട്ടും കമ്മിഷൻ ചെയ്യാനാകാത്തത്. മന്ത്രിതലത്തിൽ ചർച്ച നടത്തി തടസങ്ങൾ നീക്കാൻ കഴിഞ്ഞ ദിവസം വരെയും വാഴൂർ സോമൻ എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. റവന്യൂ, വനം, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സംയക്ത യോഗം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്നിരുന്നു. വനംവകുപ്പിനെ മറികടന്ന് സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വിയോഗം. തോട്ടംതൊഴിലാളികളുടെയും ജില്ലയുടെയും വികസനത്തിനായി എപ്പോഴും തിരുവനന്തപുരത്ത് ഓടിയെത്തുന്ന വാഴൂർ സോമനോട് മുഖ്യമന്ത്രി പിണറായി വിജയനും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.