കട്ടപ്പന: നഗരത്തിലെ തുടർച്ചയായ വൈദ്യുതി മുടക്കത്തിന് അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നൽകി. അറ്റകുറ്റപ്പണിയുടെ പേരിൽ നഗരത്തിൽ പകൽ സമയങ്ങളിൽ വൈദ്യുതി മുടക്കമാണ്. ഇതിനുപുറമേ അപ്രഖ്യാപിത വൈദ്യുതി മുടക്കവും പതിവായി. ഇത് വ്യാപാര മേഖലയെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. പരാതി ബോധിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചാൽ തീർത്തും നിരുത്തരവാദിത്തപരമായ മറുപടിയാണ് ലഭിക്കുന്നത്. ഫോൺ എടുക്കാതിരിക്കുന്നതും പതിവാണ്. ഓണ വിപണി പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാരികൾക്ക് അപ്രഖ്യാപിത വൈദ്യുതി മുടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഓണക്കാലത്തെ കെ.എസ്.ഇ.ബിയുടെ ഈ നീക്കം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായ സമരങ്ങളിലേയ്ക്ക് നീങ്ങുന്നതിന് മുന്നോടിയായാണ് നിവേദനം നൽകിയതെന്നും അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.