അടിമാലി: അടിമാലി പീച്ചാട് പ്ലാമല മേഖലയിൽ കാട്ടാനശല്യത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിക്കൊമ്പനെ നാടുകടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസമാണ് പീച്ചാട് പ്ലാമലയിൽ ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന ഇന്ദിര എന്ന തൊഴിലാളി സ്ത്രീയെ കാട്ടാന ആക്രമിച്ചത്. ആന ആക്രമിച്ചപ്പോൾ പറമ്പിന്റെ താഴ്ചയുള്ള ഭാഗത്തേക്ക് വീണതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാന വീടിന് മുമ്പിലും വീടിനോട് ചേർന്നുള്ള കൃഷിഭൂമിയിലും എത്തുന്നത് ജനങ്ങളിൽ ഭീതി പടർത്തുകയാണ്. ഇന്ദിരക്ക് പുറമേ ഇതിനോടകം തന്നെ നിരവധി ആളുകളെയും ആന ആക്രമിക്കുന്നതിനായി ഓടിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് തങ്ങൾക്ക് ജീവൻ തിരികെ കിട്ടിയതെന്നാണ് രക്ഷപെട്ടവർ പറയുന്നത്.മേഖലയിൽ 35 ഓളം വീടുകളിലായി കൊച്ചുകുട്ടികളും മുതിർന്നവരും അടക്കം താമസിക്കുന്നുണ്ട്. 60ലേറെ അന്യസംസ്ഥാന തൊഴിലാളികളും ഇവിടെ താമസിച്ച് പണിയെടുക്കുന്നവരാണ്. സമാധാനമായി വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. പ്ലാമലയിലെ ജനവാസ മേഖലയിൽ നാളുകളായി കാട്ടാനകൾ കൃഷിനാശം വരുത്തുകയാണ്. ഏക്കർ കണക്കിന് കൃഷിഭൂമിയാണ് ഇതിനോടകം ആന നശിപ്പിച്ചത്. കൃഷി വരുമാനമാർഗമാക്കി മുമ്പോട്ടു പോയിരുന്നവർ ഇതോടെ പ്രതിസന്ധിയിലായി.പേരിനു മാത്രമായാണ് ആർ.ആർ.ടി സംഘത്തെ വനംവകുപ്പ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും ആനയെ തുരത്താൻ വേണ്ട യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്. ആനയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനായി വകുപ്പുതലത്തിൽ ആലോചനകൾ നടക്കുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറ‌ഞ്ഞു.