മൂന്നാർ: കാർഷിക ഗ്രാമമായ കാന്തല്ലൂരിൽ കാട്ടാന ശല്യത്താൽ പൊറുതിമുട്ടുകയാണ് കർഷകർ.കഴിഞ്ഞ ദിവസം കാന്തല്ലൂർ പെരുമല ഗ്രാമത്തിൽ എത്തിയ ഒറ്റയാൻ നിർത്തിയിട്ടിരുന്നു വാഹനവും വീടിന്റെഗേറ്റും തകർത്തു.ദിവസങ്ങൾക്ക് മുമ്പ് കൃഷിത്തോട്ടങ്ങളിൽ ഇറങ്ങി നാശം വരുത്തിയ ഒറ്റയാനാണ് ഗ്രാമങ്ങൾക്കുള്ളിൽ കയറിയും പരാക്രമം നടത്തിയത്.കാന്തല്ലൂർമേഖലയിൽ കഴിഞ്ഞ മൂന്ന് മാസക്കാലത്തോളമായി കാട്ടാന ശല്യം അതിരൂക്ഷമാണ്.പത്തിലധികം കാട്ടാനകളാണ് ജനവാസമേഖലകളിലൂടെ ചുറ്റിത്തിരിയുന്നത്. കാട്ടാനകളെ തുരത്താനും സുരക്ഷ ഉറപ്പാക്കാനും ആർ ആർ ടി സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം ഉണ്ട്. കാട്ടാനശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെന്ന് കർഷകർ പറയുന്നു.ആനകളെ ജനവാസമേഖലയിൽ നിന്നും തുരത്താൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകേണ്ടി വരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.