കട്ടപ്പന :മർച്ചന്റ്സ് അസോസിയേഷനും കട്ടപ്പന പൗരാവലിയും വിവിധ സാംസ്‌കാരിക സംഘടനകളുംചേർന്ന് 'കട്ടപ്പനയോണം' എന്ന പേരിൽ 26 മുതൽ കട്ടപ്പനയിൽ വിപുലമായ ഓണാഘോഷം നടത്തും. 26ന് അത്തംനാളിൽ വൈകിട്ട് നാലിന് നഗരത്തിൽ വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ടൗൺഹാൾ പരിസരത്ത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോൻ ഫ്ളാഗ് ഓഫ് ചെയ്യും. പുലികളിയും വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും അണിനിരക്കും. സാംസ്‌കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷനാകും. എം എം മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് ഓണസന്ദേശവും നൽകും. നഗരസഭാധ്യക്ഷ ബീന ടോമി സംസാരിക്കും. തുടർന്നുള്ള ഒമ്പത് ദിവസങ്ങളിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും നടക്കും. ഒന്നരമാസം നീണ്ടുനിൽക്കുന്ന ഓണോത്സവത്തിന്റെ ഭാഗമായി സമ്മാന കൂപ്പണുകൾ വിതരണം ചെയ്യും. നറുക്കെടുപ്പിൽ വിജയികൾക്ക് യഥാക്രമം ഒരുലക്ഷം, 50,000, 25000 രൂപ സമ്മാനമായി നൽകുമെന്നും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ്, വൈസ് പ്രസിഡന്റ് ബൈജു വെമ്പേനി, എച്ച്എംടിഎ സെക്രട്ടറി എം കെ ബാലചന്ദ്രൻ, എ കെ ഷിയാസ്, സിജോ എവറസ്റ്റ്,സുമിത് മാത്യു, സൽജു ജോസഫ്, അനിൽ ജോസ് എന്നിവർ പറഞ്ഞു.