പീരുമേട്: അവസാന ശ്വാസം വരെ തൊഴിലാളികൾക്കായി ശബ്ദിച്ച പ്രിയ നേതാവിന്റെ വേർപാടിൽ തോട്ടം മേഖലയൊന്നാകെ വിതുമ്പി. പതിനായിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ വണ്ടിപ്പെരിയാറിൽ എത്തിയത്. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുത്തു മടങ്ങുമ്പോൾ കുഴഞ്ഞു വീണ് മരിച്ച പീരുമേട് എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമന്റെ മൃതദേഹം ഇന്നലെ പുലർച്ചെയാണ് വണ്ടിപ്പെരിയാർ വാളാ‌‌ർഡിയിലെ വീട്ടിൽ എത്തിച്ചത്. അതിന് മുമ്പ് രാത്രി രണ്ടു മണിയോടെ പീരുമേട് ടൗണിലെ എം.എൽ.എയുടെ ഓഫീസിൽ എത്തിച്ചതിന് ശേഷമാണ് വാളാർഡിയിലെ വസതിയിൽ എത്തിച്ചത്. തുടർന്ന് രാവിലെ അഞ്ച് മുതൽ വീട്ടിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. മൃതദേഹം 11.30ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചു. രാവിലെ മുതൽ കമ്മ്യൂണിറ്റി ഹാളും പരിസരവും ജനനിബിഡമായിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഇവിടേക്ക് ഒഴുകി എത്തി. തോട്ടം തൊഴിലാളികൾ അവരിൽ ഒരാളായിട്ടായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. പീരുമേട് താലൂക്ക് ആഫീസ്, സിവിൽ സ്റ്റേഷൻ, സർക്കാർ ആഫീസുകൾ എന്നിവിടങ്ങളിൽ എല്ലായിടത്ത് നിന്നും ജീവനക്കാർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. പീരുമേട് താലൂക്കിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്നലെ രണ്ടു മുതൽ അഞ്ചു വരെ കടകൾ അടച്ച് ഹർത്താൽ ആചരിച്ചിരുന്നു. രാജ്യസഭാംഗം സി. സന്തോഷ്‌കുമാർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, മുൻ മന്ത്രിമാരായ കെ. രാജു, കെ.പി. രാജേന്ദ്രൻ, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, മുൻ എം.പിമാരായ അഡ്വ. ജോയ്സ് ജോർജ്, ടി.ജെ. ആഞ്ചലോസ്, മുൻ എം.എൽ.എമാരായ രാജു എബ്രഹാം, ജോസഫ് വാഴയ്ക്കൻ, കെ. പ്രകാശ് ബാബു, ബാബു പോൾ, ഇ.എസ്. ബിജി മോൾ, എ.ഡി.എം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, വനംവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ. ശിവരാമൻ, ജോസ് ഫിലിപ്പ്, വി.കെ. ധനപാൽ, ജയ മധു, എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ. പ്രസാദ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ചെയർമാൻ പി.എസ്. രാജൻ, പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ, എച്ച്.ആർ.പി യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ്, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു ജേക്കബ്ബ്, എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, കാഞ്ഞിരപള്ളി രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ടവർ ആദരാജ്ഞലികളർപ്പിച്ചു.