ഉടുമ്പന്നൂർ: രണ്ട് കമിതാക്കളുടെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് മനയ്ക്കത്തണ്ടുകാർ. ഇന്നലെ ഉച്ചയോടെയാണ് ഉടുമ്പന്നൂർ മനയ്ക്കത്തണ്ടിൽ വാടക വീട്ടിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാറത്തോട്സ്വദേശികളായ മണിയനാനിക്കൽ വീട്ടിൽ ശിവഘോഷ് (20) ഇഞ്ചപ്ലാക്കൽ വീട്ടിൽ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിവഘോഷ് തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ നിഗമനം. മരിച്ച ശിവഘോഷും കുടുംബവും അയൽവാസികളുമായി അധികം ബന്ധമില്ലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം അറിഞ്ഞത്. മനയ്ക്കത്തണ്ട് വാണിയകിഴക്കേൽ ജോസിന്റെ വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. ഉച്ചയോടെ ജോസിനെ വിളിച്ച് ശിവഘോഷിന്റെ മാതാവ് ജെയ്‌മോൾ മകന് എന്തോ വല്ലായ്മയുള്ളതായി അറിയിച്ചതിനെ തുടർന്ന് സുഹൃത്തിനൊപ്പം വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ജോസ് വീട്ടിലെത്തിയപ്പോൾ ശിവ ഘോഷിന്റെ സുഹൃത്ത് ആദർശ് തൂങ്ങിയ യുവാവിനെ തുണി മുറിച്ച് വാഹനത്തിൽ കയറ്റുന്നതാണ് കണ്ടത്. മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ അപ്പോഴും വീട്ടിൽ പെൺകുട്ടി മരിച്ച് കിടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. പിന്നീട് കരിമണ്ണൂർ സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തിയപ്പോഴാണ് യുവാവിന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ളതായും ഇരുവരും ഒരിമിച്ചുള്ളതായും അറിയുന്നത്. ഉടനടി സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ നമ്പർ ട്രെയ്സ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മീനാക്ഷിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാറത്തോട് സ്വദേശിയായ ശിവഘോഷിന്റെ മാതാവിന്റെ നാടാണ് ഉടുമ്പന്നൂർ. ശിവഘോഷിന് വാഴക്കുളത്തെ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയതിനെ തുടർന്നാണ് കുടുംബം ഇവിടേക്ക് താമസം മാറിയത്. മീനാക്ഷി മുവാറ്റുപുഴയിലെ സ്വകാര്യ കോളജിലെ ടി.ടി.സി വിദ്യാർത്ഥിയാണ്. രണ്ട് വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായി ഈ കുടുംബം സൗഹൃദത്തിലായിരുന്നില്ല. ഇരുവരും നേരത്തെ മുതൽ അടുപ്പത്തിലായിരുന്നു. ഇടയ്ക്ക് പെൺകുട്ടി ഈ വീട്ടിലെത്തുമ്പോൾ ബന്ധുവാണെന്നാണ് ചില അയൽവാസികളോട് വെളിപ്പെടുത്തിയിരുന്നത്.