തൊടുപുഴ: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവ‌ർത്തിക്കുന്ന തോട്ടുപുറം ഗ്രാനൈറ്റ്സ് എന്ന പാറമടയ്ക്കെതിരെ വ്യത്യസ്തമായ സമരവുമായി ആലക്കോട് സംരക്ഷണസമിതി. ആലക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സൂചകമായി 26ന് നാളിൽ വാഴയിലയിൽ കല്ലും മണലും ചെളിയും ചേറും ചിരട്ടയിൽ വെള്ളവും വിളമ്പി പ്രതീകാത്മകമായി പ്രതിഷേധിക്കുമെന്ന് സംരക്ഷണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാറമടയിലെ വലിയ സ്ഫോടനത്തെ തുട‌ർന്ന് വീടുകളുടെ ഭിത്തിയ്ക്കും വാർക്കയ്ക്കും വ്യാപകമായി പൊട്ടലുണ്ടാകുന്നു. ഇതിൽ ഭൂരിഭാഗം വീടുകളും സർക്കാർ ധനസഹായത്തോടെ നിർമ്മിച്ചിട്ടുള്ളവയാണ്. ജൂൺ 13ന് തീവ്രമഴയെ തുടർന്നുള്ള ഖനന നിരോധനം മുന്നിൽ കണ്ട് നടത്തിയ ഉഗ്രസ്‌ഫോടനത്തിൽ ഒരു വീടിന്റെ സംരക്ഷണഭിത്തി പൂർണ്ണമായി തകരുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തു. ചില വീടുകളിൽ നിന്ന് ജീവഭയം മൂലം താമസം മാറിയവരുമുണ്ട്. കിണർ വെള്ളം വറ്റി വരണ്ടു. ദുർഗന്ധമുള്ള പുകയും പൊടി പടലങ്ങളും ഉണ്ടാവുന്നതുമൂലം വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാവുന്നു. റബ്ബർ ടാപ്പിംഗ് ചെയ്യുമ്പോൾ പൊടിപടലങ്ങളും ചെറുചീളുകളും വന്നു വീഴുന്നതിനാൽ ഗുണനിലവാരമുള്ള ലാറ്റക്സ് ഉണ്ടാകുന്നില്ല. കൽചീളുകൾ വന്നു വീഴുന്നത് മൂലം പുരയിടത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്നില്ല. അസമയങ്ങളിൽ ഉണ്ടാകുന്ന സ്‌ഫോടന ശബ്ദം നാട്ടുകാരുടെ ഉറക്കത്തെയും കുട്ടികളുടെ പഠനത്തെയും സാരമായി ബാധിച്ചു. പാറമടയുടെ മുകളിൽ താഴോട്ടു പതിക്കാൻ സാദ്ധ്യതയുള്ള അപകടകരമായി സ്ഥിതി ചെയ്യുന്ന അതിഭീകരമായ കല്ലുകളുണ്ട്. ഈ പ്രദേശത്ത് ഭൂമി ക്രയവിക്രയം ഇല്ലാതായി. ആലക്കോട് പഞ്ചായത്ത് സെക്രട്ടറി, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ജിയോളജി ജില്ലാ ഓഫീസ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നിയമപ്രകാരമുള്ള ദിശാ ബോർഡുകൾ ക്വാറിയുടെ പ്രവേശന കവാടത്തിലോ മറ്റ് അതിരുകളിലോ കാണുന്നില്ല. സ്‌ഫോടന സമയങ്ങളെ കുറിച്ച് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് അലാറം മുഴങ്ങാറില്ല.

വലിയ വാഹനങ്ങൾ ഓടുമ്പോൾ ഉണ്ടാവുന്ന ശക്തമായ പൊടിപടലങ്ങൾ നിയന്ത്രിക്കാൻ ക്വാറിയുടെ പ്രവേശനകവാടം മുതലുള്ള റോഡുകൾ ടാർ ചെയ്യണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. അവധി ദിവസങ്ങളിലോ രാവിലെ ഏഴിന് മുമ്പോ വൈകിട്ട് അഞ്ചിന് ശേഷമോ ക്വാറി പ്രവർത്തിക്കാൻ പാടില്ലെന്ന നിയമം പാലിക്കുന്നില്ല. ക്വാറിയുടെ അതിർത്തികൾ മുള്ളുവേലി കെട്ടി തിരിക്കുകയോ, ബഫർ സോൺ നിലനിറുത്തുകയോ ചെയ്തിട്ടില്ലെന്നും ആലക്കോട് സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. ആലക്കോട് സംരക്ഷണ സമിതി കൺവീനർ കെ.ആർ. വിജയൻ, ജോയിന്റ് കൺവീനർ ജോസ് കുന്നേൽ, അംഗം പൗലോസ് പുലക്കുടിയിൽ എന്നിവർ‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.