ഇടുക്കി: സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 26ന് നടക്കും. തങ്കമണി സഹകരണ ആശുപത്രി അങ്കണത്തിൽ രാവിലെ 10ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 2022 ജൂലായ് മുതൽ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി. 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കോർഡിനേഷൻ കമ്മിറ്റികളും 157 യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്. 500 വളന്റിയർമാർക്ക് ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേകം പരിശീലനം നൽകിക്കഴിഞ്ഞു. ഈ സന്നദ്ധപ്രവർത്തകർ ജില്ലയുടെ എല്ലാ മേഖലകളിലും സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തും. കിടപ്പുരോഗികൾക്ക് ആവശ്യമായ സേവനം നൽകാൻ ഓരോ മണ്ഡലത്തിലും മൊബൈൽ പാലിയേറ്റീവ് യൂണിറ്റുകളും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ യൂണിറ്റുകൾ വഴി പാലിയേറ്റീവ് നഴ്സുമാരുടെ സേവനം രോഗികൾക്ക് ലഭ്യമാക്കും. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞ 19ന് പി. കൃഷ്ണപിള്ള ദിനത്തിൽ വളന്റിയർമാർ വീടുകളിലെത്തി കിടപ്പുരോഗികളെ സന്ദർശിച്ചിരുന്നു. സുമനസുകളുടെ സഹായത്തോടെയാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മൊബൈൽ യൂണിറ്റുകളുടെ ഫ്ളാഗ്ഓഫും സാന്ത്വനം സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ള രണ്ട് സ്‌നേഹവീടുകളുടെ താക്കോൽ കൈമാറ്റവും ഗോവിന്ദൻ നിർവഹിക്കും. സൊസൈറ്റിയുടെ ലൈഫ് ടൈം മെമ്പർഷിപ്പുകളുടെ വിതരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രനും വളന്റിയർമാർക്കുള്ള ഐഡി കാർഡ് വിതരണം എം.എം. മണി എം.എൽ.എയും നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സി ലൈഫ് ജെറിയാട്രിക് വില്ലേജിന്റെ ഉദ്ഘാടനം നിർവഹിക്കും. സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സി.വി. വർഗീസ് അദ്ധ്യക്ഷനാകും. സൊസൈറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ സ്വാഗതം പറയും. അഡ്വ. എ. രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ, തൊടുപുഴ മണ്ഡലം കൺവീനർ മുഹമ്മദ് ഫൈസൽ, സൊസൈറ്റി ജില്ലാ സെക്രട്ടറി ഡോ. വി.ബി. വിനയൻ, തൊടുപുഴ മണ്ഡലം കോ- ഓർഡിനേറ്റർ പി.എം. ഫിറോസ് എന്നിവർ പങ്കെടുത്തു.