prakash-babu

മൂന്നാർ : ലോകത്തിനുതന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന നടപടികളാണ് രാജ്യത്തെ ഭരണാധികാരികൾ സ്വീകരിച്ചു വരുന്നതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. രജ്യത്തിന്റെ ഭരണഘടന മുഴുവൻ ജനവിഭാഗങ്ങളെയും സംരക്ഷിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നതാണ്. സോഷ്യലിസവും സെക്കുലറിസവും ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ചേർത്തിരിക്കുന്നു. ഈ ആശയങ്ങൾ തുടിക്കുന്ന വിധത്തിലാണ് എല്ലാ ഭാഗവും രൂപപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്ത്രപരമായി ഭേദഗതികൾ വരുത്തി രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുവാനാണ് ശ്രമങ്ങൾ നടക്കുന്നത്.. മൂന്നാർ ശിക്ഷക് സദനിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ സംഘടനാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാബു.
ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് .സജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ സി .പി .ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം എം .വൈ ഓസേഫ്, ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാൽ, ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ സംഘടനാ രേഖ അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഡി.ബിനിൽ സ്വാഗതവും ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ നന്ദിയും പറഞ്ഞു.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും. ഒന്നാം ദിവസം വൈജ്ഞാനിക ഭരണ നിർവഹണവും, സിവിൽ സർവ്വീസും എന്ന വിഷയത്തിൽ ജയശ്ചന്ദ്രൻ കല്ലിംഗലും, ജീവിതത്തിന്റെ രസതന്ത്രം എന്ന വിഷയത്തിൽ ഡോ. രാജേഷ് മഹേശ്വറും ക്ലാസ്സ് എടുത്തു. വൈകിട്ട് നന്മ സാംസ്‌കാരിക വേദി കലാ പരിപാടികൾ അവതരിപ്പിച്ചു.

ഇന്ന് നടക്കുന്ന ക്ലാസ്സുകളിൽ സംഘടന, സംഘാടനം എന്ന വിഷയത്തിൽ അഡ്വ. ജി മോട്ടിലാലും, ഹൗ ടു ഫൈൻഡ് ഹാപ്പിനസ് ഇൻവർക്ക് പ്ലേസ് എന്ന വിഷയത്തിൽ ഡോ. സുനിൽ രാജും ക്ലാസ്സുകൾ നയിക്കും.വിവിധ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് വനിതകൾ ഉൾപ്പെടെ മുന്നൂറ് പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.