തൊടുപുഴ: ഇടത് മുന്നണിയിൽ തങ്ങൾ പൂർണ്ണ തൃപ്തരാണെന്ന് കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കേരളകോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) പാർട്ടി തങ്ങളുടെ മുന്നണിയുടെ ഭാഗമാകണമെന്ന് ചിലരൊക്കെ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ, പാർട്ടിക്ക് ഒരു നിലപാടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ ചേർത്ത് പിടിച്ചവരെ വിട്ടു പോകാൻ തക്ക ഹൃദയ ശൂന്യരല്ല ഈ പാർട്ടി. കേരള കോൺഗ്രസ് (എം) പാർട്ടിയെ പുറത്താക്കിയത്തിലൂടെ കേരളഭരണത്തിൽ നിന്ന് യു.ഡി.എഫ് സ്വയം പുറത്താവുകയായിരുന്നു. എത്ര പെയ്ഡ് ന്യൂസ് സൃഷ്ടിക്കപ്പെട്ടാലും പാർട്ടിയുടെ നിലപാടിലും അണികളുടെ പിന്തുണയിലും യാതൊരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നുള്ളതാണ് എതിരാളികൾ ഭയക്കുന്നത്. ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വച്ച യോഗത്തിൽ പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ പ്രൊഫ. കെ.ഐ. ആന്റണി, ബേബി ഉഴുത്തുവാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാക്കുന്നേൽ, കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് തുടങ്ങിയർ പ്രസംഗിച്ചു.