തൊടുപുഴ: നാളെ അത്തം പിറക്കുന്നതോടെ പത്തം ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന് ആരംഭം കുറിച്ച് വീട്ടുമുറ്റങ്ങളിൽ പൂക്കളമൊരുങ്ങും. മഴ മാറിയതോടെ നാടും നഗരവും ഓണ മൂഡിലാണ്. നാടൻ പൂക്കളുടെ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമെത്തുന്ന പൂക്കൾ തന്നെയാണ് ഈ ഓണത്തിനും പൂക്കളങ്ങളിൽ നിറയുക. ക്ലബുകളും വിദ്യാലയങ്ങളുമടക്കമുള്ള സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ വലിയ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. ഓണക്കാലത്ത് ഏറ്റവും പ്രധാന്യമുള്ളതാണ് പൂവിപണി. അത്തമടുത്തതോടെ പൂവില ഉയർന്ന് തുടങ്ങി 200 രൂപയുണ്ടായിരുന്ന ബന്ദിക്ക് (ചെണ്ടുമല്ലി) ഇന്ന് മുതൽ 250 ആകും. മറ്റ് പൂക്കളുടെയും വില ഇതനുസരിച്ച് കൂടി തുടങ്ങി. നിലവിൽ വിപണിയിൽ 150 രൂപ മുതൽ 600 രൂപ വരെയാണ് പൂവുകൾക്ക് വില. ഓരോ ദിവസവും വില വ്യത്യാസപ്പെടും. തിരുവോണമെത്തുമ്പോഴേക്കും വില കുതിച്ചുയരാനാണ് സാദ്ധ്യത. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും അടക്കം വൻവിലക്കയറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഈ ഓണക്കാലവും. സപ്ലൈകോയും ഹോർട്ടികോർപ്പും സംയുക്തമായി വിപണന മേളകൾ നടത്തുന്നുണ്ട്. ആശ്വാസമായി സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും കൂട്ടായ്മകളും ഓണച്ചന്തകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഖാദി, കൈത്തറി എന്നിവയുടെ വിലക്കുറവോടെയുള്ള മേളകളും നടത്തുന്നുണ്ട്. ഓണം ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് വ്യാപാരസ്ഥാപനങ്ങൾ ഇതിനകം വിപണിയിൽ സജീവമായി കഴിഞ്ഞു. ആടിക്കിഴിവും ഓണപ്പൊലിമയും ഒന്നിച്ചെത്തുമ്പോൾ വസ്ത്രശാലകളിലും മറ്റു കച്ചവടകേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ തിരക്കേറും. വൺ പ്ലസ് വൺ ഓഫറുകളാണ് വസ്ത്ര വിപണിയിലെ പ്രധാന ആകർഷണം. ഹൈദരാബാദ്, ബംഗ്ലുരു, സൂററ്റ്, അഹമ്മദാബാദ്, ജയ്പൂർ, പഞ്ചാബ്, ഡൽഹി, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പുതുവസ്ത്രങ്ങളെത്തുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ ഇത്തവണ കച്ചവടം പൊടിപൊടിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

പൂവ് വില (കിലോയ്ക്ക്)

വാടാമല്ലി: 300- 320

ഓറഞ്ച് ചെണ്ടുമല്ലി: 220- 230

മഞ്ഞ ചെണ്ടുമല്ലി: 230- 250

അരളി: 350- 360

വെള്ള ജമന്തി: 450- 500

റോസാപ്പൂ: 300- 320

മുല്ലപ്പൂ: 50- 60 രൂപ (ഒരു മുഴം)

ചെറിയ റോസ്: 400- 460

'മഴ മാറി നിൽക്കുന്നതിനാൽ ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ. വിദ്യാലയങ്ങളിലും ക്ലബുകളടക്കമുള്ള സ്ഥാപനങ്ങളിലേക്ക് മുൻകൂർ ബുക്കിംഗായിട്ടുണ്ട്. "

- പി.വി. പ്രതീഷ് (ഉണ്ണി ഫ്ളവേഴ്സ്)