 ജനറൽ ബോഡി ബഹിഷ്കരിച്ച് മുപ്പതിലേറെ അംഗങ്ങൾ

തൊടുപുഴ: സി.ഐയ്ക്കെതിരെ മാദ്ധ്യമങ്ങളിൽ പ്രസ്താവന നൽകിയ സി.പി.എം ലോക്കൽ സെക്രട്ടറിയെ പാർട്ടി പുറത്താക്കി. കാളിയാർ സി.ഐയെ വിമർശിച്ച വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്റ്റ്യനെയാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്. ലോക്കൽ സെക്രട്ടറിയുടേത് ആഭ്യന്തര വകുപ്പിനെതിരായ വിമർശനമായി വ്യാഖ്യാനിച്ചാണ് നടപടി. രണ്ടാഴ്ച മുമ്പാണ് അതിസമ്പന്നരുടെ കൂടെയാണ് സി.ഐയുടെചങ്ങാത്തമെന്നും പൊതുപ്രവർത്തകരോടും ജനങ്ങളോടും മോശമായി പെരുമാറുന്നെന്നും ചൂണ്ടിക്കാട്ടി ലോക്കൽ സെക്രട്ടറി പത്രക്കുറിപ്പിറക്കിയത്. പരാതികളിൽ നടപടിയുണ്ടാകുന്നില്ലെന്നും സി.ഐ മദ്യ- മയക്കുമരുന്ന് മാഫിയക്ക് കൂട്ടു നിൽക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. പാർട്ടി പത്രത്തിലടക്കം ഈ പ്രസ്താവന വന്നിരുന്നു. തുടർന്ന് കരിമണ്ണൂർ ഏരിയാ കമ്മിറ്റി ലോക്കൽ സെക്രട്ടറിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ‌ർക്കാരിന് അവമതിപ്പുണ്ടാക്കുന്ന വിധത്തിലാണ് സി.ഐയുടെ പ്രവർത്തനമെന്നും അതിനാലാണ് പ്രസ്താവനയിറക്കിയതെന്നും മറുപടി നൽകിയെങ്കിലും പാർട്ടി നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

അമ്പിളി രവികല

സെക്രട്ടറി

ഇന്നലെ ചേർന്ന വണ്ണപ്പുറം, കാളിയാർ ലോക്കൽ കമ്മിറ്റികളുടെ ജനറൽ ബോ‌ഡി യോഗത്തിൽ ജില്ലാ സെക്രട്ടറി സി.വി. വർഗീസ് തീരുമാനം അറിയിച്ചപ്പോൾ ആറ് എൽ.സി. അംഗങ്ങളും 3 ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം മുപ്പതിലേറെ പേർ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയി. തുടർന്ന് അമ്പിളി രവികലയെ വണ്ണപ്പുറം ലോക്കൽ സെക്രട്ടറിയായി ജനറൽ ബോഡി തിരഞ്ഞെടുത്തു.പകരം ഷിജോ സെബാസ്റ്റ്യനെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചു.