മൂന്നാർ:വിരമിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് വൻ തുക ശമ്പളം നൽകി സർക്കാരിന്റെ വിവിധ മിഷനുകളടേയും പ്രൊജക്ടുകളടേയും തലപ്പത്ത് പുനർ നിയമനം നൽകുന്ന നിലപാട് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയും അതിലൂടെ വലിയ ധന ദുർവ്യയത്തിനും ഇടയാക്കുന്നതായിജോയിന്റ് കൗൺസിൽ .പ്രത്യേക തസ്തിക ഉണ്ടാക്കിയും ശമ്പളത്തോടൊപ്പം പെൻഷൻ നൽകാൻ ചട്ടം ഭേദഗതി ചെയ്തുമൊക്കെയാണ് പുനർ നിയമനങ്ങൾ നൽകുന്നത്.ജി.എസ്.ടി വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച ആൾക്ക് ലക്ഷങ്ങൾ ശമ്പളം നൽകി വകുപ്പിലെ ഇന്റെലിജെൻസ് വിഭാഗത്തിൽ നിയമനം നൽകിയത് ഇത്തരം പുനർ നിയമനങ്ങളുടെ പട്ടികയിലെ അവസാനത്തേതാണ്.ഒരു പൊതമേഖലാ സ്ഥാപനത്തിന്റെ ചെയർമാൻ തസ്തികയിലേക്ക് നിയമനം ലഭിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നിലവിലെ ചീഫ് സെക്രട്ടറിയേക്കാൾ കൂടുതലായ ശമ്പളം ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.സർവ്വീസ് റൂളിലെ ചട്ടം ഭേദഗതി ചെയ്താണ് ഇത്തരം ധന ധൂർത്തിന് സർക്കാർ കളം ഒരുക്കുന്നത്.കിഫ്ബി സി.ഇ.ഒ,ഐ.എം.ജി ഡയറക്ടർ,ഇലക്ട്രിസിറ്റി റെഗലേറ്ററി കമ്മീഷണർ,കൊച്ചി മെട്രോ എം.ഡി എന്നിങ്ങനെ മുപ്പതിലേറെ പുനർ നിയമനങ്ങളാണ് ലക്ഷങ്ങൾ ശമ്പളം നൽകി സർക്കാർ നടത്തിയത്.സംസ്ഥാന സിവിൽ സർവ്വീസിലെ മികവുറ്റ ഉദ്യോഗസ്ഥരെ കണ്ടെത്തി ഇത്തരം കേഡറുകളിലേക്ക് പരിഗണിച്ച് ധന ധൂർത്തിനിടയാക്കുന്ന പുനർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് മൂന്നാറിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ അംഗ സംഘടന ക്യാമ്പ് സർക്കാരിനോടാവശ്യപ്പെട്ടു.