വണ്ണപ്പുറം: കാളിയാർ പൊലീസിനും സി.ഐയ്ക്കുമെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും രൂക്ഷ വിമർശനം. കാളിയാർ പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ വണ്ണപ്പുറം ടൗണിൽ പലയിടത്തും ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലേയ്ക്ക് എന്തെങ്കിലും ആവശ്യത്തിനായി വിളിച്ചാൽ പലപ്പോഴും മോശം പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. ജനപ്രതിനിധികളടക്കമുള്ള പൊതു പ്രവർത്തകരോട് മാന്യമായ സമീപനം കാളിയാർ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും പരാതി വ്യാപകമാണ്. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒരു ഭിന്നശേഷിക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയിട്ട് നൽകാൻ തയ്യാറായില്ലെന്നും പിന്നീട് തൊടുപുഴ ഡിവൈ.എസ്.പി ഇടപെട്ടാണ് സഹായിച്ചത്. കഴിഞ്ഞ എട്ട് മാസമായി വണ്ണപ്പുറം കേന്ദ്രീകരിച്ച് നിരന്തരമായി മോഷണം നടന്നിട്ടും ഇതുവരെയും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് സം ബന്ധിച്ചും പൊലീസിനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ നിറയെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ശനിയാഴ്ച ടൗണിന് അടുത്തുള്ള വീട്ടിൽ നിന്ന് 11 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവും മോഷണം പോയിട്ടും അന്വേഷണ പുരോഗതിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ചീങ്കൽ സിറ്റിയിൽ ഹോട്ടലിൽ കയറി വനിതയെ ആക്രമിച്ചതിലും ഒടിയപാറയിൽ വീട്ടിൽ കയറി അമ്മയെയും മകളെയും ദേഹോപദ്രവം ഏൽപ്പിച്ച കേസിലും പൊലീസ് നടപടി വൈകുന്നതായി ആക്ഷേപമുയർന്നു. ഇതിൽ കേസ് എടുക്കാൻ വിമുഖത കാണിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകിയതിന് ശേഷമാണ് കേസ് എടുത്തത്. പെറ്റികേസ് എടുക്കുകയെന്ന ചുമതല നിറവേറ്റാൻ മാത്രമാണ് കാളിയാർ പൊലീസെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ ആക്ഷേപങ്ങൾ നിറയുന്നുണ്ട്.