രാജാക്കാട്:തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വൈകുന്നതായി പരാതി. മൂന്ന് മാസമായിട്ടും വേതനം ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ പണികളും കുറവാണ്. ജോലിക്കിറങ്ങുന്നവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ ഏലക്കായ് എടുക്കാനായി പോകുന്ന സമയമാണ്. പ്രായം ചെന്നവരും മറ്റു ജോലിക്ക് പോകാൻ പറ്റാത്തവരുമായിട്ടുള്ള ഇടത്തരക്കാരുമടക്കം സ്ഥിരമായി തൊഴിലുറപ്പിന് ഇറങ്ങുന്ന തൊഴിലാളികൾക്കാണ് ജോലിയില്ലാത്ത അവസ്ഥയുള്ളത്.വേതനം ലഭിക്കാത്തതിനാൽ ജീവിത ചെലവുകൾക്ക് ബുദ്ധിമുട്ടുമാണ്.തൊഴിൽ തീർന്നാൽ 15 ദിവസത്തിനുള്ളിൽ വേതനം ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് തൊഴിലാളികളുടെ അവകാശമായി തൊഴിലുറപ്പ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അപേക്ഷ നൽകിയിട്ടുള്ളവർക്ക് പോലും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കാർഷിക മേഖലയിലേക്കും ക്ഷീരമേഖലയിലേക്കും തൊഴിലുറപ്പ് ജോലികൾ വ്യാപിപ്പിക്കുമെന്ന പ്രചരണങ്ങളുണ്ടെങ്കിലും നാളിതുവരെ നടപ്പിലായിട്ടില്ല. വേതനം ഉടൻ ലഭിക്കാൻ നടപടി വേണമെന്നും കാർഷിക മേഖലയിലേക്ക് തൊഴിലുറപ്പ് വ്യാപിപ്പിക്കണമെന്നതുമാണ് തൊഴിലാളികളുടെ ആവശ്യം.