തൊടുപുഴ: ജില്ലയിലെ നിരത്തുകളിൽ ഈ വർഷം ഇതുവരെ മാത്രം വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 67 ജീവനുകൾ. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ കണക്കാണിത്. ജനുവരി മുതൽ - ജൂലായ് 31വരെ 632 കേസുകളാണ് ഐ.ആർ ഡി.എ (ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡാറ്റാബേസ് ) പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് മാസങ്ങളിലായി 34 ജീവനുകളാണ് നിരത്തിൽ നഷ്ടപ്പെട്ടത്. പിന്നീടുള്ള മാസങ്ങളിൽ മരണനിരക്ക് 10ൽ താഴെ എന്ന നിലയിലാണ് തുടരുന്നത്. ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ 1543 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റവും കൂടുതൽ അപകടം റിപ്പോർട്ട് ചെയ്തത് ഏപ്രിലിലാണ്- 104. കുറവ് ജൂണിലും- 48. അശ്രദ്ധയും അമിത വേഗവുമാണ് അപകടങ്ങളിൽ ഭൂരിപക്ഷത്തിനും കാരണം. ഇതിനാൽ തന്നെ നിരത്തുകളിൽ അപകടങ്ങളുടെയും ജീവൻ നഷ്ടമാകുന്നവരുടെയും എണ്ണം വർദ്ധിക്കുന്നുണ്ട്. ഇതിനൊപ്പം റോഡിന്റെ ശോച്യാവസ്ഥയും അപകടത്തിനിടയാക്കുന്നുണ്ട്. ശരിയായ രീതിയിൽ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തത് മൂലം തലയ്‌ക്കേൽക്കുന്ന ക്ഷതമാണ് ഭൂരിഭാഗം പേരുടെയും മരണത്തിലേക്ക് നയിക്കുന്നത്.

അപകടങ്ങൾ

ജനുവരി- 96

ഫെബ്രുവരി- 100

മാർച്ച്- 98

ഏപ്രിൽ- 104

മേയ് - 98

ജൂൺ- 48

ജൂലായ്- 80

അശ്രദ്ധ, അമിത വേഗം,

നിരത്തിലെ പരിചയക്കുറവ്

വാഹനപരിശോധന മുറപോലെ നടക്കുമ്പോഴും നിരത്തുകളിൽ നിയമം ലംഘിച്ചോടുന്ന വാഹനങ്ങളും ഏറെയാണ്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾ. മലയാരമേഖലയിലെ റോഡുകൾ പരിചിതമല്ലാതെ ഡ്രൈവർമാർ വാഹനം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. പല കേസുകളിലും ഇടിച്ചിട്ട വാഹനങ്ങൾ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാറില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് പലർക്കും ലൈസൻസോ വാഹനങ്ങൾക്ക് ഇൻഷ്വുറൻസോ മറ്റ് രേഖകളോ ഉണ്ടാകാത്തതിനാലാണിതെന്നും പറയപ്പെടുന്നു. എന്നാൽ പരിശോധനയ്ക്കായി ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലുള്ളവർക്ക് ഇരട്ടിപ്പണിയാണ്.

''അപകടനിരക്ക് കുറയ്ക്കാനായി പരിശോധനകൾ ശക്തമാണ്. അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണം. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവും ഉടൻ ആരംഭിക്കും""

-എസ്. സഞ്ജയ് (എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ, ഇടുക്കി)