ഇടുക്കി : സ്‌കൂൾ കെട്ടിടത്തിന് റവന്യു വകുപ്പിൽ നിന്നും നിരാക്ഷേപപത്രം (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭിക്കാത്തതിനാൽ സ്‌കൂളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചെന്ന പരാതിയിൽ താത്ക്കാലിക കണക്ഷനെങ്കിലും നൽകി കുടി വെള്ളവൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മൂന്നാർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടത്തിന് എൻ.ഒ.സി. ലഭിക്കാത്തതിനാൽ വൈദ്യുതിയും കുടിവെള്ളവും നിലച്ചുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എൻ.ഒ.സി. വാങ്ങാത്ത സാഹചര്യത്തിൽ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി സംയുക്ത ചർച്ച നടത്തി കളക്ടർ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആവശ്യമങ്കിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് കെട്ടിത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ നിർദ്ദേശിക്കണം. സ്വീകരിച്ച നടപടികളെകുറിച്ച് കളക്ടർ വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. മൂന്നാർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലും ഹയർ സെക്കന്ററി വിഭാഗം റീജണൽ ഡപ്യൂട്ടി ഡയറക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ആർ.ഡി.ഒ.യും പ്രിൻസിപ്പലിന്റെ പ്രതിനിധിയും ഒക്ടോബർ 22ന് രാവിലെ 10ന് തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം.മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.