രാജകുമാരി: മകന്റെ മർദ്ദനത്തിൽ മുതിർന്ന സി.പി.എം നേതാവിന് ഗുരുതര പരിക്ക്. കജനപ്പാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ദീർഘകാലം സി.പി.എം രാജാക്കാട് ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എസ്.ആണ്ടവർക്കാണ് (84) പരിക്കേറ്റത്. സംഭവത്തിൽ മകൻ മണികണ്ഠനെ (43) രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11നാണ് വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ടേബിൾ ഫാൻ, ഫ്ളാസ്‌ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളേജിലും പിന്നീട് മധുര മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിലവിൽ മധുര മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.