തൊഴിലാളികൾക്ക് ഇനി ദുരിതദിനങ്ങൾ

പീരുമേട്: ഹെൽബറിയ എസ്റ്റേറ്റ് അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം റീജണൽ കമ്മീഷണറുടെ മുമ്പിൽ നടന്ന രണ്ടാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഇതോടെ തൊഴിലാളികൾ ദുരിതത്തിലായി. തോട്ടം തുണ്ടു തുണ്ടായിവിൽക്കുവാനാണ് ഉടമയുടെ നീക്കമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആരോപിച്ചു. കഴി‌ഞ്ഞ 8ന് അടച്ചുപൂട്ടിയ ചിന്നാർ കമ്പനി വക ഹെൽബറിയ, ചെമ്മണ്ണ്, ചിന്നാർ, വള്ള കടവ് ഡിവിഷനുകളിലെ തോട്ടങ്ങൾ തുറക്കുന്നതിനായി ഇന്നലെ എറണാകുളത്ത് തോട്ടം മാനേജ്‌മെന്റ് പ്രതിനിധികളുമായി സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികൾ തൊഴിൽ വകുപ്പ് റീജനൽ ഡപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയും പരാജയപെട്ടു. കഴിഞ്ഞ 19നും ചർച്ച നടത്തിയിരുന്നു. ഇത് രണ്ടാം വട്ടമാണ് ചർച്ച നടന്നത്. ചിന്നാർ തോട്ടത്തിലെ നാല്ഡിവിഷനുകളിലുമായി 500 ഓളം സ്ഥിരം തൊഴിലാളികളും, അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ഞൂറോളം ദിവസ വേതന തൊഴിലാളികളുമാണുള്ളത്,കഴിഞ്ഞ മൂന്നു മാസകാലമായി ഇവർക്ക് തോട്ടം ഉടമ പ്രതിദിനം നൽകണ്ട 427 രൂപ നിരക്കിലുള്ള ശമ്പളം നൽകിയിട്ടില്ല. ശമ്പളം ആവശ്യപെട്ട് തൊഴിലാളികൾ മാനേജ്‌മെന്റ് നെ സമീപച്ചതിനെ തുടർന്ന് മാനേജ്‌മെന്റ് തോട്ടം അടച്ചുപൂട്ടി സ്ഥലം വിടുകയായിരുന്നു. കൂടാതെ പിരിഞ്ഞു പോയിട്ടുള്ള തൊഴിലാളികൾക്ക് അഞ്ചു വർഷത്തെ പ്രൊവിഡന്റ് ഫണ്ടും നൽകാനുണ്ട്. നാല് കോടിയോളം രൂപയാണ് തൊഴിലാളികൾക്കു
നൽകുവാനുള്ളത്. തൊഴിലാളികൾക്കുള്ള ആനുകൂല്യം നൽകുവാനെന്ന പേരിൽ മുമ്പ് ചെമ്മണ്ണ് കൊയ്നാ കാട് എന്ന സ്ഥലത്തുള്ള നൂറേക്കറോളം വരുന്ന ഏലതോട്ടം മാർവാടി ഗ്രൂപ്പിന് വിറ്റിരുന്നു. അന്ന് തൊഴിലാളികൾക്ക് ഒരു രൂപ പോലും മാനേജ്‌മെന്റ് നൽകിയില്ല. തോട്ടം അടച്ചതോടുകൂടി എസ്റ്റേറ്റിലെ തൊഴിലാളികൾ പുറത്ത് പോയി പണി ചെയ്യേണ്ട സ്ഥിതിയാണുള്ളത്. തൊഴിലാളി കുടുംബങ്ങളുടെ നിത്യചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന സ്ഥിതിയാണ്. 19ന് ചർച്ച നടത്തിയിരുന്നെങ്കിലും ഇന്നലത്തെ ചർച്ചയിൽ തീരുമാനം ഉണ്ടാകുമെന്നാണ് തൊഴിലാളികളും യൂണിയനുകളും കരുതിയിരുന്നത്. ചർച്ചയിൽ ഉടമയായ അശോക് തുകാർ പങ്കെടുത്തില്ല. ഡയറക്ടർ ബോർഡംഗങ്ങളായ ഇദ്ദേഹത്തിന്റെ രണ്ട് മക്കളാണ് പങ്കെടുത്തത്. ചർച്ച പരാജയപെടുത്തുക വഴി പ്രതിസന്ധിയുടെ പേര് പറഞ്ഞ് തേയില തോട്ടം തുണ്ടുകളാക്കി വില്പന നടത്തുവാനുള്ള നീക്കമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. ചർച്ചയിൽ യൂണിയൻ നേതാക്കളായ ആന്റപ്പൻ എൻ. ജേക്കബ്ബ്, കെ.റ്റി ബിനു, സി. സിൽവസ്റ്റർ (സി.ഐ.റ്റി.യു) എം. ആന്റണി, ആർ. വിനോദ് (എ.ഐ.റ്റി.യു.സി) പി.എം ജോയി (ഐ.എൻ.റ്റി.യു.സി) മോഹനൻ ( ബി.എം.എസ്) എന്നിവർ പങ്കെടുത്തു.