തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ 44 ശാഖകളിലെയും മുഴുവൻ ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ശാഖാ നേതൃത്വ സംഗമം സെപ്തംബർ ഒന്നിന് തൊടുപുഴ മടക്കത്താനം ജോഷ് പവലിയനിൽ നടക്കും. രാവിലെ ഒമ്പതിന് ഭദ്രദീപ പ്രകാശനത്തോടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ സ്വാഗതവും കൺവീനർ പി.ടി. ഷിബു നന്ദിയും പറയും. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ശക്തമായി മുന്നേറുന്നതിന്റെ ഭാഗമായി കുടുംബയൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കൂടുതൽ കരുത്തേകാൻ യോഗത്തിന്റെ നേതൃത്വത്തിൽ എല്ലാ യൂണിയനുകളിലും നടത്തുന്ന നേതൃത്വ സംഗമങ്ങളുടെ ഭാഗമായാണ് തൊടുപുഴയിലും സംഗമം സംഘടിപ്പിക്കുന്നത്. യോഗത്തിൽ 1500ൽപരം പ്രതിനിധികൾ പങ്കെടുക്കുമെന്ന് യൂണിയൻ ചെയർമാനും കൺവീനറും അറിയിച്ചു.