തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ വിനായക ചതുർത്ഥി ആഘോഷം നടക്കും. മഹാഗണപതി പൂജ, 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മുക്കൂറ്റി അർച്ചന, പ്രഭാഷണം, പ്രസാദ ഊട്ട് എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് വിനായക ചതുർത്ഥി മഹോത്സവം ആഘോഷിക്കുന്നത്. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി സത്യപാലൻ തന്ത്രികളുടെയും മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. യൂണിയൻ ചെയർമാൻ ബിജു മാധവൻ സമൂഹ പ്രാർത്ഥനാ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശന കർമ്മം നിർവ്വഹിക്കും. മഹാഗണപതി പൂജയുടെ പ്രസാദ വിതരണം ക്ഷേത്രം മാനേജർ കെ.കെ മനോജ് നിർവഹിക്കും. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. ചികിത്സ സഹായവിതരണം ഓണക്കിറ്റ് വിതരണവും നടക്കും. യൂണിയൻ വൈസ് ചെയർമാൻ ആർ.ബാബുരാജ്, കൺവീനർ പി.ടി ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.