ആലക്കോട്: ജീവിക്കാനായുള്ള പോരാട്ടത്തിൽ റോഡരികിൽ പ്രതീകാത്മകമായി സദ്യവിളമ്പിയായിരുന്നു ഇഞ്ചിയാനിയിലെ ഒരു കൂട്ടം കുടുംബങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പതിനൊന്നാം വാർഡിലെ സ്ഥിരതാമസക്കാരായ നാട്ടുകാർ ഒരു രാഷ്ട്രീയപാർട്ടിയുടെയും കൊടി പിടിക്കാതെയാണ് പ്രതിഷേധിച്ചത്. രാവിലെ 11ന് ആലക്കോട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു. പാറമടയുടെ പ്രവർത്തനത്തിനെതിരായ പ്ലക്കാർഡുകൾ സ്ഥാപിച്ച് പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിച്ചാണ് സമരം ആരംഭിച്ചത്. ഇതിന് ശേഷമാണ് പ്രതീകാത്മക സദ്യ വിളമ്പൽ സമരം നടത്തിയത്. വാഴയിലയിൽ കല്ലും മണ്ണും ചെളിയും ചേറും ചിരട്ടയിൽ വെള്ളവുമായിട്ടായിരുന്നു സദ്യ. റോഡരികിൽ നിരത്തി ഇല ഇട്ടതിന് ശേഷമായിരുന്നു പ്രതീകാത്മക സദ്യ വിളമ്പൽ. ജീവിക്കാനായുള്ള ഈ പ്രതിഷേധം അധികൃതർ അവഗണിച്ചാൽ നിരാഹാരം അടക്കമുള്ള സമര മാർഗങ്ങൾ സ്വീകരിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് പഞ്ചായത്തിന് നൽകിയ പരാതിയിന്മേലുള്ള നടപടികൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർസമരം. പ്രദേശത്തുള്ള 12 കുടുംബങ്ങളാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. ഇതിൽ ഒമ്പത് കുടുംബങ്ങൾക്കാണ് മേഖലയിൽ വീടുള്ളത്. ബാക്കിയുള്ളവർ സ്ഥലം മാത്രമുള്ളവരാണ്. ആലക്കോട് സംരക്ഷണ സമിതി ഭാരവാഹികളായായ കെ.കെ. വിജയൻ, ജോസ് കുന്നേൽ, പൗലോസ് പുലക്കുടിയിൽ, തോമസ് ഇടശേരി, മണി കൊച്ചുപറമ്പിൽ, ജോജോ മംഗലത്ത്, ബിജു വാഴയ്ക്കൽ, ജോണി കുന്നേൽ എന്നിവർ പങ്കെടുത്തു.

സദ്യയിൽ

വിളമ്പിയ വിഭവങ്ങൾ

ഡമ്മ
ചോറ് - കല്ല്, മണൽ
കറി- ചേറ്, ചെളി
ഗ്ലാസ്- കണ്ണൻ ചിരട്ട
വെള്ളം- ചെളിവെള്ളം
പപ്പടം- കരിയില

''പാറമട പ്രവർത്തിക്കുന്നത് നിയമാനുസൃതമായാണ്. പ്രവർത്തനത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ നടന്നതായി പരാതിക്കാർ ശ്രദ്ധയിൽപ്പെടുത്തിയാൽ ആക്കാര്യം പരിശോധിക്കും. പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന പരാതി ഇതുവരെ രേഖാമൂലം ലഭിച്ചിട്ടില്ല""

-രമ്യാ സൈമൺ (പഞ്ചായത്ത് സെക്രട്ടറി)

പ്രതിസന്ധി രൂക്ഷം
കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിക്കുന്ന പാറമടയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികളുടെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും ഇല്ലാതായിരിക്കുകയാണ്. പാറമടയിലെ അനിയന്ത്രിതമായ സ്ഫോടനംമൂലം നിലവിൽ പ്രദേശത്തെ ഒമ്പത് വീടുകളുടെ ഭിത്തികൾക്കും വാർക്കയ്ക്കും കേടുപാട് സംഭവിച്ചു. മാത്രമല്ല സമീപത്തുള്ള കിണറുകളും വറ്റുന്ന സ്ഥിതിയാണ്. കഴിഞ്ഞ ജൂൺ 13ന് ക്വാറിയിൽ നടത്തിയ ഉഗ്രസ്‌ഫോടനത്തിൽ ഒരു വീടിന്റെ സംരക്ഷണഭിത്തി പൂർണമായി തകരുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തു. ദുർഗന്ധമുള്ള പുകയും പൊടിശല്യവും കാരണം പ്രദേശവാസികൾക്ക് താമസിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അസമയങ്ങളിൽ ഉൾപ്പെടെ ഭീമമായ സ്‌ഫോടനമാണ് ഉണ്ടാകുന്നത്. ജീവഭയം കാരണം ചില വീടുകളിലുള്ളവർ ഇതിനിടയിൽ താമസം വരെ മാറി. വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, ജിയോളജി വകുപ്പ് എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മാസം പരാതിക്കാരെയും പാറമടക്കാരെയും പഞ്ചായത്ത് ഓഫീസിൽ വിളിച്ച് വരുത്തി ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമായില്ല.