തൊടുപുഴ: യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ ആശ മാരുടെ പ്രതിദിന വേതനം 700 രൂപയായും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം നൽകാനുമായി നടപടി സ്വീകരിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എപറഞ്ഞു.കഴിഞ്ഞ 6 മാസക്കാലമായിസെക്രട്ടറിയേറ്റ് നടയിൽ തുടരുന്ന ആശമാരുടെ രാപകൽ സമരത്തോട് പിണറായി സർക്കാർ പിന്തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് പടിഞ്ഞാറെ കോടിക്കുളത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ ഒരു തുടർച്ച കൂടി താങ്ങാനുള്ള ശേഷി കേരളത്തിനില്ല. അഴിമതിയും ധൂർത്തും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ക്ഷയിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ആറു മാസക്കാലമായി തുടരുന്ന സമരം കൊണ്ട് ഡിപ്പാർട്ടുമെന്റിന്റെ അടിമത്തച്ചങ്ങല പൊട്ടിക്കാൻ അസോസിയേഷനു കഴിഞ്ഞതായി സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു യോഗത്തിൽ അഭിപ്രായപ്പെട്ടു. കോടിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ടി.എസ്. ഷംസുദീൻ, ബ്ലയിസ് വാഴയിൽ, എൻ. വിനോദ് കുമാർ, ടി.ജെ. പീറ്റർ, എം.എൻ. അനിൽ, ജോഷി എടാട്ട്, ജോസ് വടക്കേകര , ബഷീർ പള്ളിമുക്കിൽ, കൃഷ്ണൻ കണിയാപുറം എന്നിവർ പ്രസംഗിച്ചു.