ജില്ലാ ഫെയറിനും സഞ്ചരിക്കുന്ന ഓണച്ചന്തക്കും തുടക്കം
തൊടുപുഴ: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോയുടെ ജില്ലാ ഫെയർ തൊടുപുഴയിൽ ആരംഭിച്ചു. സെപ്തംബർ നാല് വരെ പീപ്പിൾസ് ബസാറിലാണ് ഇത്തവണത്തെ ജില്ലാ ഫെയർ. പി.ജെ ജോസഫ് എം.എൽ.എ ഫെയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനൊപ്പം ജില്ലയിലെ വിദൂര സ്ഥലങ്ങളിൽ ആവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന ഓണച്ചന്തയും ആരംഭിച്ചു. ഇതും നാലുവരെയുണ്ടാകും. തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, മൂന്നാർ എന്നിവിടങ്ങളിൽ ഉത്രാടം വരെയാണ് സഞ്ചരിക്കുന്ന ഫെയർ. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭിക്കുന്ന മുഴുവൻ സാധനങ്ങളും വാഹനത്തിലുണ്ട്. സ്റ്റോക്ക് തീർന്നാൽ സമീപത്തുള്ള ഔട്ട്‌ലെറ്റുകളിൽ നിന്ന് വിറ്രഴിച്ച സാധനങ്ങൾ ശേഖരിക്കും. യു.പി.ഐ ഇടപാട് അടക്കമുള്ള സൗകര്യങ്ങളും വാഹനത്തിലുണ്ട്. ഓരോ നിയോജകമണ്ഡലങ്ങളിലും രണ്ട് ദിവസമാണ് വാഹനം സഞ്ചരിക്കുക. വിദൂര സ്ഥലങ്ങളിലാണ് പ്രധാന വിൽപ്പന. ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ കൈയെത്തും ദൂരത്ത് എത്തിക്കുകയാണ് ലക്ഷ്യം. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിർവഹിച്ചു. ആദ്യ വിൽപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി ആന്റണി നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ കെ. ദീപക്കിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ, കൗൺസിലർ മുഹമ്മദ് അഫ്സൽ, താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്, ഡിപ്പോ മാനേജർ നീന എം.എസ് തുടങ്ങിയവർ പങ്കെടുത്തു.
ഓണം പ്രതിദിന സമ്മാന പദ്ധതി
സെപ്തംബർ നാല് വരെ ഓണം ഫെയറുകളിൽ നിന്ന് സബ്സിഡി ഇതര ഉത്പന്നങ്ങൾ 500 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇ.ആർ.പി ബില്ലിനൊപ്പം ജനറേറ്റ് ചെയ്തു വരുന്ന കൂപ്പണുകൾക്ക് പ്രതിദിന നറുക്കെടുപ്പ് നടത്തി ശബരി ഉത്പന്നങ്ങൾ സമ്മാനമായി നൽകും.
ജില്ലാതല സമ്മാന പദ്ധതി
സപ്ലൈകോ ചില്ലറ വിൽപ്പനശാലകളിൽ നിന്ന് 1000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് ജില്ലാ തല സമ്മാന പദ്ധതി പ്രകാരമുള്ള കൂപ്പണുകൾ നൽകും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിയ്ക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനമായി ലഭിക്കും.
ഓണം ബംബർ സമ്മാന പദ്ധതി
ജില്ലാതല നറുക്കെടുപ്പിനായി വിതരണം ചെയ്യുന്ന കൂപ്പണുകൾ സപ്ലൈകോ കേന്ദ്രീകൃത തലത്തിൽ നറുക്കെടുപ്പ് നടത്തുന്നതും മൂന്ന് വിജയികൾക്ക് സമ്മാനവും നൽകും. ഒന്നാം സമ്മാനം ഒരു പവൻ (ഒരാൾക്ക്) രണ്ടാം സമ്മാനം ലാപ്‌ടോപ്പ് (രണ്ട് പേർക്ക്) മൂന്നാം സമ്മാനം സ്മാർട്ട് ടി.വി (മൂന്ന് പേർക്ക്) എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
കിറ്റ്, ഗിഫ്റ്റ് കാർഡ് വിതരണം പുരോഗമിക്കുന്നു
ആകർഷകമായ വിലക്കുറവിൽ കിറ്റുകളുടെയും ഗിഫ്റ്റ് കാർഡുകളുടെയും വിൽപ്പന പുരോഗമിക്കുകയാണ്. മൂന്ന് തരം കിറ്റുകളാണ് വിപണിയിലുള്ളത്. 18 ഇനങ്ങൾ അടങ്ങിയ 1000 രൂപയുടെ സമൃദ്ധി ഓണക്കിറ്റ്, ഒമ്പത് ഇനങ്ങൾ അടങ്ങിയ 229 രൂപയുടെ ശബരി സിഗ്‌നേച്ചർ കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ 500 രൂപയുടെ മിനി സമൃദ്ധികിറ്റ് എന്നിവയാണ്. ആവശ്യമുള്ളവർക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി പണമടച്ച് കൂപ്പൺ വാങ്ങാം. ഇതിനൊപ്പം 500, 1000 രൂപ വിലയുള്ള ഓണം ഗിഫ്റ്റ് കാർഡ് വിതരണവും പുരോഗമിക്കുകയാണ്. 31വരെ ബുക്കിംഗ് നടത്താം. ഇതിന് ശേഷമാകും വിതരണം.