ചെറുതോണി: നവകേരളം എന്ന സങ്കൽപം യാഥാർഥ്യമാക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തങ്കമണിയിൽ സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ജില്ലാതലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലത്തിലേക്കുള്ള കേരളത്തിന്റെ വളർച്ചയെയാണ് നവകേരളം എന്നതുകൊണ്ട് അർഥമാക്കുന്നത്. ലൈഫ് വീടുകൾ, റോഡ്, പാലം, ആശുപത്രി, സ്കൂൾ കെട്ടിടം തുടങ്ങിയ അടിസ്ഥാന, പശ്ചാത്തല സൗകര്യങ്ങൾ എല്ലാം നാം കൈവരിക്കുകയാണ്. ദരിദ്രരില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറുന്നു. പരിഹരിക്കാനുള്ളത് തൊഴിലില്ലായ്മയാണ്. അതിന് കെ ഡിസ്കിന്റെ നേതൃത്വത്തിൽ മെഗാ ജോബ്‌ഫെയറുകൾ നടക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകൾ കേരളത്തിലാണ്. 3.5 ലക്ഷം സ്വയംസംരംഭകരെ കണ്ടെത്തിയ സംസ്ഥാനമാണ് കേരളം. ജീവിതം സന്തോഷാത്മകമാക്കുകയാണ് ലക്ഷ്യം. ഹാപ്പിനെസ് ഇൻഡക്സിൽ രാജ്യം ലോകത്ത് 126-ാമതാണ്. അത്രയെങ്കിലും കിട്ടുന്നത് കേരളം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സൊസൈറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സി.വി. വർഗീസ് അദ്ധ്യക്ഷനായിരുന്നു. തങ്കമണി സഹകരണ ആശുപത്രിയിൽ വയോജന ഗ്രാമം പദ്ധതിയും പ്രവർത്തനമാരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടെ ചികിത്സയും പരിചരണവും സംരക്ഷണവും ഏറ്റെടുക്കുന്ന സി- ലൈഫ് ജെറിയാട്രിക് വില്ലേജ് കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഓരോ മണ്ഡലത്തിലുമുള്ള മൊബൈൽ പാലിയേറ്റീവ് യൂണിറ്റുകളുടെ ഫ്ളാഗ്ഓഫും സൊസൈറ്റി നിർമ്മിച്ച രണ്ട് സ്‌നേഹവീടുകളുടെ താക്കോൽ കൈമാറ്റവും എം.വി ഗോവിന്ദൻ നിർവഹിച്ചു. സൊസൈറ്റി വളന്റിയർമാർക്കുള്ള ഐഡി കാർഡുകൾ എം.എം. മണി എം.എൽ.എ വിതരണം ചെയ്തു. ഒരേ മണ്ഡലത്തിലും ചേർത്ത ലൈഫ് ടൈം മെമ്പർഷിപ്പുകളുടെ ലിസ്റ്റ് സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ചു. അഡ്വ. എ രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ്. രാജൻ, കെ.എസ്. മോഹനൻ, കെ.വി. ശശി, ആർ. തിലകൻ, ഷൈലജ സുരേന്ദ്രൻ, എം.ജെ. മാത്യു, എൻ.പി. സുനിൽകുമാർ, സിസ്റ്റർ റെജി, അനു വിനേഷ്, സിജോ വിജയൻ, വി.ബി. വിനയൻ, കെ.യു. വിനു എന്നിവർ പങ്കെടുത്തു.