കട്ടപ്പന: പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിന് പിഴ ഈടാക്കി സർക്കാർ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി മുന്നറിയിപ്പ് നൽകി. ക്രമപ്പെടുത്തലിന്റെ പേരിൽ ഒരു പൈസപോലും പിഴ നൽകേണ്ട ബാദ്ധ്യത ജനങ്ങൾക്കില്ലെന്ന് മാത്രമല്ല പിഴ ഈടാക്കാൻ സർക്കാരിന് അവകാശവുമില്ല. പട്ടയഭൂമിയിലെ അനധികൃത നിർമാണം ക്രമപ്പെടുത്തൽ എന്ന സർക്കാർ വാദഗതി ശരിയല്ല. കാലാകാലങ്ങളിലെ സർക്കാരിന്റെ കെട്ടിട നിർമാണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ നിർമിച്ചതും നിശ്ചിത ലൈസൻസ് ഫീസ്, റവന്യൂ ടാക്സ്, ലേബർ സെസ് എന്നിവ അടച്ചതും ഇപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാർഷിക കെട്ടിട നികുതി അടച്ചു കൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളെ അനധികൃതമെന്ന് സർക്കാർ ചിത്രീകരിക്കുന്നത് വിചിത്രമാണ്. ഭൂമി കൃഷിക്കും ഭവന നിർമാണത്തിനും എന്നതിനോടൊപ്പം മറ്റ് നിർമാണ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് മുൻകാല പ്രാബല്യത്തോടെ ചട്ടത്തിൽ ഭേദഗതി വരുത്തി വളരെ എളുപ്പത്തിൽ പരിഹരിക്കാമായിരുന്ന വിഷയം വഷളാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള ഒരു മാർഗമായി സർക്കാർ മാറ്റിയെടുത്തിരിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ മേൽ കുതിരകയറുന്നതിനും അഴിമതിക്കുമുള്ള അവസരം സർക്കാർ സൃഷ്ടിക്കുകയാണ്. ഹൈറേഞ്ച് മേഖലയുടെ പുരോഗതി അട്ടിമറിച്ച് ജനങ്ങളെ പ്രതിസന്ധിയിലാക്കിയ കെട്ടിട നിർമാണ നിരോധനം ആറു വർഷങ്ങൾ കഴിഞ്ഞിട്ടും പിൻവലിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കാത്തത് മാപ്പർഹിക്കാത്ത ജനവഞ്ചനയാണ്. ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾക്കനുസരിച്ച് തുള്ളുന്ന ഇച്ഛാശക്തിയില്ലാത്ത സർക്കാരാണ് ജനങ്ങളുടെ ദുർഗതിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.