yogam

 ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വിപുലമായ പരിപാടികൾ

ഇടുക്കി: ജില്ലയിലെ ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 10 വരെ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. കളക്ടറേറ്റിൽ ചേർന്ന ആലോചനാ യോഗത്തിലാണ് തീരുമാനം. ജില്ലാതല ഉദ്ഘാടനം ചെറുതോണിയിലും സമാപനം തൊടുപുഴയിലും നടക്കും. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യപാരി വ്യവസായി സംഘടനകൾ എന്നിവർ സംയുക്തമായാണ് എല്ലാ മണ്ഡലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യോഗം ചേർന്ന് സംഘാടകസമിതി രൂപീകരിക്കും. ഇടുക്കി മണ്ഡലത്തിൽ 29ന് വൈകുന്നേരം 5 മണിക്ക് ചെറുതോണി വ്യാപാരഭവനിലും ദേവികുളത്ത് 29നും പീരുമേടും ഉടുമ്പഞ്ചോലയിലും 30നും യോഗം ചേരും. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സെപ്തംബർ 3 ന് വൈകുന്നേരം 3 ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ചെറുതോണിയിൽ പതാക ഉയർത്തും. തുടർന്ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡിൽ നിന്നും സെൻട്രൽ ജംഗ്ഷനിലേക്ക് വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും. നാല് മണിക്ക് ചെറുതോണി ടൗണിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, എ. രാജ, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം 10ന് വൈകുന്നേരം 5 മണിക്ക് തൊടുപുഴയിൽ നടക്കും. ഇതോടനുബന്ധിച്ച് വടംവലിയും സാംസ്‌കാരിക ഘോഷയാത്രയും നടക്കും. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ഡി.റ്റി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.വി വർഗീസ്, അനിൽ കൂവപ്ലാക്കൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , വ്യാപാരിവ്യവസായി സമിതി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.