ഇടുക്കി: ദീർഘനാളായി മലയോര ജനതയുടെ തലയ്ക്ക് മുകളിൽ ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങിയാടിയ നിർമ്മാണ നിരോധനത്തിന് പരിഹാരമായി സർക്കാർ കൊണ്ടുവന്ന ഭൂപതിവ് നിയമത്തിന് ചട്ടം രൂപീകരിച്ചതോടെ മലയോര ജനതയ്ക്ക് ആശ്വാസമായി. ഇതോടെ ഇടുക്കിയുടെ ഒരിക്കലും തീരാത്ത ഭൂപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷ.
2023 സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ബിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഏഴ് മാസത്തോളം തടഞ്ഞുവച്ച ശേഷം എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഒപ്പിട്ടത്. നിയമ ഭേദഗതിയിലൂടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനാകുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. എന്നാൽ, നിലവിലുള്ള ചട്ടമാണ് ഭേദഗതി ചെയ്യേണ്ടതെന്നും നിയമ ഭേദഗതി സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നുമാണ് കർഷക സംഘടനകളും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ഇപ്പോഴും പറയുന്നത്.
നിർമ്മാണ നിരോധനത്തിന് കാരണം
1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണു ഭൂപതിവ് നിയമം. 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2010ൽ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് മൂന്നാറിൽ കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ നൽകുമ്പോൾ റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം കൂടി വേണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ ഈ വില്ലേജുകളിലെ സാധാരണക്കാർക്ക് പഞ്ചായത്തിൽ നിന്ന് കെട്ടിടനിർമ്മാണ അനുമതി ലഭിക്കാൻ റവന്യൂ ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നു. ചില വില്ലേജുകളിൽ മാത്രം റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കിയതിലെ വിവേചനം ചൂണ്ടിക്കാട്ടി അതിജീവന പോരാട്ട വേദിയെന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് കോടതി സർക്കാരിന്റെ വിശദീകരണം തേടി. തുടർന്ന് ഭൂപതിവ് ചട്ട പ്രകാരം 2019 ആഗസ്റ്റ് 22ന് ഇടുക്കി ജില്ലയിലാകെ നിർമ്മാണ നിയന്ത്രണം ബാധമാക്കി റവന്യൂ വകുപ്പ് ഉത്തരവിറക്കി. സംഘടന വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് 1964ലെ ഭൂവിനിയോഗ ചട്ടം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ ബാധകമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒടുവിൽ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവച്ചതോടെ ഭൂപതിവ് നിയമ ഭേദഗതിക്ക് സർക്കാർ നിർബന്ധിതരാവുകയായിരുന്നു.
മലയോര കർഷകന്റെ ജീവിതം മാറും
1960ലെ നിയമത്തിന്റെ കീഴിൽ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി നിയമം നിലവിൽ വരുന്ന അന്നു വരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സാധൂകരിക്കുന്നതിനും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ചട്ടം രൂപീകരിച്ചിരിക്കുന്നത്. ജില്ലയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യഥാർത്ഥ്യമാകുന്നത്. പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫീസുകൾ വരെ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ഇത് മലയോര ജനതയുടെ ജീവിതം മാറ്റിമറിയ്ക്കും. ഇവിടേക്ക് കൂടുതൽ പദ്ധതികൾ വരാൻ സാഹചര്യമൊരുക്കും. ടൂറിസം രംഗത്ത് അടക്കം മലയോര മേഖലയുടെ പുത്തനുണർവിന് പുതിയ ചട്ടങ്ങൾ സാഹചര്യമൊരുക്കും.