ചെറതോണി: കർഷകർക്ക് നൽകിയിട്ടുള്ള പട്ടയങ്ങൾ ഇതര ആവശ്യങ്ങൾക്ക് വിനിയോഗിച്ചത് കാണിച്ച് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പരിഹരിക്കുന്നതിന് നിയമ ഭേദഗതിയും ഇതേ തുടർന്ന് ചട്ടരൂപീകരണവും നടത്തിയ എൽ.ഡി.എഫ് സർക്കാരിനെ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എൽ.ഡി.എഫ് നേതൃത്വവും ഒറ്റക്കെട്ടായി എടുത്ത തീരുമാനവും ചട്ട രൂപീകരണം സമയബന്ധിതമായി വേണമെന്ന നിശ്ചയദാർഢ്യവുമാണ് കർഷകർക്ക് അനുകൂലമായ ചട്ടം രൂപീകൃതമാകുന്നതിന് സഹായകരമായത്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി നിയമഭേദഗതിയിലും ചട്ട രൂപീകരണത്തിലും എൽ.ഡി.എഫ് ഘടകകക്ഷി എന്ന രീതിയിൽ നടത്തിയ ഇടപെടലുകളുടെ പരിണിത ഫലമായി കൂടിയാണ് ചട്ട രൂപീകരണം നടപ്പിലാകാൻ സാധിച്ചതെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.