 വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കും

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ശാഖാനേതൃത്വ സംഗമം സെപ്തംബർ ഒന്നിന് മടക്കത്താനം ജോഷ് പവലിയനിൽ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യൂണിയനിലെ 44 ശാഖകളിലെയും ശാഖാ ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് എസ്.എൻ.ഡി.പി യോഗമാണ് ശാഖാ നേതൃത്വ സംഗമം നടത്തുന്നത്. രാവിലെ ഒമ്പതിന് ദീപ പ്രകാശനത്തോടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ ചടങ്ങ് ആരംഭിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾ ഉൾകൊണ്ട് ശക്തമായി മുന്നേറുന്നതിന്റെ ഭാഗമായി കുടുംബ യൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കൂടുതൽ കരുത്തേകാനാണ് യാേഗത്തിന്റെ നേതൃത്വത്തിൽ എല്ലാ യൂണിയനുകളിലും നേതൃസംഗമം നടത്തുന്നത്. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ സ്വാഗതവും കൺവീനർ പി.ടി. ഷിബു നന്ദിയും പറയും.

യോഗത്തിൽ 1500ൽ പരം പ്രതിനിധികൾ പങ്കെടുക്കുമെന്ന് യൂണിയൻ ചെയർമാൻ ബിജു മാധവനും കൺവീനർ പി.ടി. ഷിബുവും അറിയിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്രീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്, എ.ബി. സന്തോഷ്, യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ അഖിൽ സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.