കട്ടപ്പന: മന്ത്രിസഭാ യോഗത്തിൽ 1964 പട്ടയ വസ്തുവിൽ, വ്യവസ്ഥകൾ ലംഘിച്ച് എന്ന പേരിൽ കെട്ടിടങ്ങൾ നിർമ്മിച്ചവ ക്രമവത്കരിക്കുന്നതിന് പ്രത്യേക വകുപ്പുകൾ കൂട്ടി ചേർത്തുള്ള ചട്ടം ഭേദഗതിക്ക് അംഗീകാരം നൽകിയതിൽ വൻ പണപ്പിരിവാണ് എൽ.ഡി.എഫ് സർക്കാർ ലക്ഷ്യം വച്ചിട്ടുള്ളതെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. സർക്കാരിന്റെ എല്ലാ വിധ അനുമതിയും വാങ്ങി നിർമ്മിച്ച കെട്ടിടങ്ങൾക്കു മേലെ പല തട്ടുകളിലായി കൂടുതൽ ഫീസ് ഏർപ്പെടുത്തിയാണ് ക്രമവത്കരണം സൂചിപ്പിച്ചിട്ടുള്ളത്. ഇത് അന്യായമാണ്. മാത്രവുമല്ല ഫീസ് നിർണ്ണയിക്കുന്ന ഉദ്യോഗസ്ഥർ വൻ പണപ്പിരിവും നടത്തും. സി.പി.എം നേതാക്കളും ഉന്നത നേതൃത്വവും അതിന്റെ പങ്കു പറ്റുകയും ചെയ്യും. ഈ അഴിമതിക്ക് വേണ്ടി മാത്രമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചെടുത്തത്. ഒരു തരത്തിലും ഫീസ് ഈടാക്കുന്നതിനോട് യോജിപ്പില്ല. 2024 ജൂൺ ഏഴ് എന്ന വിജ്ഞാപനം പുറത്തിറങ്ങിയ ദിവസം വരെയുള്ള നിർമാണങ്ങൾക്ക് മാത്രം ക്രമവത്കരണവും തുടർന്നങ്ങോട്ട് പട്ടയ വസ്തുവിൽ മറ്റ് നിർമ്മാണങ്ങൾ പാടില്ലെന്ന തരത്തിലുമാണ് മന്ത്രിസഭാ അംഗീകാരം വന്നിരിക്കുന്നത്. യഥാർത്ഥത്തിൽ പട്ടയ വസ്തുവിൽ കാലാനുസൃതമായ നിർമ്മാണങ്ങൾ അനുവദിക്കുമെന്ന ഭേദഗതി ചട്ടങ്ങളിൽ വരുത്തേണ്ടിടത്ത്, കൂടുതൽ സങ്കീർണ്ണമാക്കി. ഭാവിയിൽ സമ്പൂർണ്ണമായ നിർമ്മാണ നിരോധനം അടിച്ചേൽപ്പിച്ച സർക്കാരിനെതിരായ പ്രക്ഷോഭം തുടരുമെന്നും അന്യായമായ ചട്ടഭേദഗതി പിൻവലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.