ചെറുതോണി: കുടിയേറ്റ കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ തീരുമാനമാണ് മന്ത്രിസഭായോഗ തീരുമാനത്തിലൂടെ ഉണ്ടായതെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി. ഭൂ പ്രശ്നങ്ങളിൽ വലഞ്ഞ കർഷകർക്ക് എൽഡിഎഫ് നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടിരിക്കുന്നത്. ഭൂ നിയമ ഭേദഗതി 2023 നിയമസഭയിൽ ഐക്യകണ്ഠേന പാസ്സാക്കിയെടുക്കാൻ പിണറായി സർക്കാരിന് സാധിച്ചു. ജനങ്ങളിൽ നിന്നുള്ള എതിർപ്പ് ഭയന്ന് നിയമസഭയിൽ അനുകൂലിച്ച യു.ഡി.എഫ് പിന്നീട് നിയമ ഭേദഗതി ബില്ല് കത്തിക്കുകയും നിയമം പാസാകാതിരിക്കാൻ ഗവർണറെ ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ ജനോപകാര പ്രദമായി പല ബില്ലുകളും തടഞ്ഞു വെച്ചിരിക്കുന്നതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ പോകുകയും മറ്റുവഴികിളില്ലാതെ നിയമ ഭേദഗതി ബില്ലിലുൾപ്പടെ ഗവർണർ ഒപ്പിടുകയുമായിരുന്നു. ഭൂ നിയമ ഭേദഗതിയുടെ ചട്ടങ്ങൾകൂടി നിലവിൽ വരുന്നതോടെ ജില്ലയിലെ മുഴുവൻ ഭൂ പ്രശ്നങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് എത്തുകയാണ്. ജില്ലയിലെ സാധാരണകാരായ ജനങ്ങൾക്ക് കൃഷിയോടൊപ്പം കടമുറികളും ഹോം സ്റ്റേകളും ഫാമുകളും ഒക്കെ നിർമിച്ച് ഉപജീവനം നടത്താൻ കഴിയുന്ന ചരിത്ര പരമായ തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മലയോര ജനതയ്ക്ക് എൽ.ഡി.എഫ് നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടിരിക്കുന്നതെന്ന് ജില്ലാ നേതാക്കളായ കെ. സലിംകുമാർ, സി.വി. വർഗീസ്, ജോസ് പാലത്തിനാൽ എന്നിവർ പറഞ്ഞു.