ഇടുക്കി: ജില്ലയിൽ വാണിജ്യ ആവശ്യങ്ങൾക്ക് കാലാകാലങ്ങളിലെ കെട്ടിട നിർമ്മാണ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് നിർമ്മിച്ചതും നിശ്ചിത ഫീസും നികുതികളും അടച്ചിട്ടുള്ളതുമായ കെട്ടിടങ്ങൾ അനധികൃത നിർമ്മാണങ്ങളാണെന്നും അത് ക്രമവത്കരിക്കുന്നതിന് പിഴ അടയ്ക്കണമെന്നുമുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്തുണ നൽകി ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു. ഭൂപതിവ് ചട്ടത്തിൽ കൃഷിക്കും ഭവന നിർമ്മാണത്തിനും ഭൂമി ഉപയോഗിക്കുന്നതിനോടൊപ്പം മറ്റ് ആവശ്യങ്ങൾക്കും ഭൂമി ഉപയോഗിക്കാമെന്ന് ചേർക്കാതിരുന്നത് ജില്ലയിലെ ജനങ്ങളുടെ വീഴ്ചയാണെന്ന് പിണറായി സർക്കാരിന്റെ ആറു വർഷത്തെ ഗവേഷണ ഫലമായുള്ള കണ്ടുപിടുത്തത്തിന് ജനങ്ങൾ പിഴ അടയ്ക്കണമെന്നുള്ള സർക്കാർ തീരുമാനത്തിലും മന്ത്രിയുടെ നിലപാട് വ്യക്തമാക്കണം. ജനങ്ങൾ നിരപരാധികളാണ്. ചട്ടത്തിലെ പോരായ്മകളുടെ ഉത്തരവാദികൾ ജനങ്ങളല്ല. സർക്കാർ അനുമതിയോടെ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾക്ക് ഒരു പൈസ പോലും പിഴ അടയ്‌ക്കേണ്ട ആവശ്യമില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസൃതമായി നടത്തിയിട്ടുള്ള മുഴുവൻ നിർമ്മാണങ്ങളും നിരുപാധികം ക്രമവത്കരിക്കാൻ സർക്കാർ തയ്യാറാകണം. നിലവിലെ കെട്ടിടത്തിനുപയോഗിച്ചിരിക്കുന്ന ഭൂമിയുടെ ബാക്കിയുള്ള സ്ഥലം പഴയ പട്ടയവ്യവസ്ഥയ്ക്ക് വിധേയമായിരിക്കുമെന്നും വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമ്മാണം ക്രമവിരുദ്ധമാണെന്നും നിർമ്മാണത്തിന് പ്രത്യേക അനുമതി വേണമെന്നുമുള്ള സർക്കാർ നിലപാട് ജനദ്രോഹപരമാണ്. കെട്ടിട നിർമ്മാണത്തിന് പ്രത്യേക അനുമതി വേണമെന്ന് പറഞ്ഞാൽ കെട്ടിട നിർമ്മാണ നിരോധനം ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ക്രമവത്കരണത്തിനുള്ള പിഴയും നിർമ്മാണത്തിന് പ്രത്യേക അനുമതി വ്യവസ്ഥയും ഒഴിവാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും ചെയർമാൻ അറിയിച്ചു.