പീരുമേട്: മേലോരം ഭാഗത്ത് പുലി വീണ്ടും ഇറങ്ങിയതോടെ നാട്ടുകാരാകെ ഭീതിയിലായി. കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ പശുവിനെ ആക്രമിച്ചു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് വളർത്തു നായയെയും ചത്ത നിലയിൽ കണ്ടെത്തി. ഈ സംഭവങ്ങൾ നാട്ടുകാരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എരുമേലി വനം റേഞ്ച് ആഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു പുലിയുടെ സാന്നിധ്യം ഉറപ്പാക്കി. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു. മേലോരത്തിനടുത്ത് ഉറുമ്പിക്കര വനത്തോട്‌ ചേർന്ന് കുറ്റിപ്ലാങ്ങാട് അടുത്തിടെ പുലിയെ കണ്ടിരുന്നു. പെരുവന്താനം പഞ്ചായത്തിൽ മാസങ്ങളായി വന്യമൃഗശല്യം നേരിടുകയാണ്.