പീരുമേട്: താലൂക്കിലെ തോട്ടങ്ങളിലെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സൗജന്യറേഷൻ വിതരണം ചെയ്യണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. പീരുമേട്ടിലെ പോബ്സ് കമ്പനി വക തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കെ.പി.ഡബ്ല്യു യൂണിയന്റെയും എച്ച്.ആർ.പി. യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വണ്ടിപ്പെരിയാറ്റിൽ നടന്ന കൂട്ട ധർണ്ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ പട്ടിണിയിൽ ആനന്ദം കാണുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ നേട്ടം. ജനവാസ മേഖലയിൽ വന്യജീവി ശല്യം സ്ഥിരമായിട്ടും അതിനെതിരെ ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. തൊഴിലാളികളുടെ വിഷയത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കും. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.പി. മാത്യു രാവിലെ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരള പ്ലാന്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ഇ.എം. ആഗസ്തി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. സിറിയക്ക് തോമസ്, ഷാജി പൈനാടത്ത്, പി.ആർ. അയ്യപ്പൻ, പി.കെ. രാജൻ, റോബിൻ കാരക്കാട്ട്, കെ.എ. സിദ്ദിഖ്, രാജൻ കൊഴുവൻമാക്കൽ എന്നിവർ സംസാരിച്ചു.